ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം നിർത്താനുള്ള അമേരിക്കൻ തീരുമാനത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. കടുത്ത തീരുമാനങ്ങൾക്കുള്ള സമയവും സന്ദർഭവും ഇതല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഓർമിപ്പിച്ചു. മറ്റേത് രാജ്യത്തേക്കൾ മൂന്നിരട്ടിയിലധികം കൊവിഡ് ബാധിതരാണ് ഇപ്പോൾ അമേരിക്കയിലുള്ളത്.

അമേരിക്കയിൽ രോഗവ്യാപനം പിടിച്ചുനിർത്താൻ കഴിയാതെ പ്രതിസന്ധിയിൽ ആയതോടെയാണ് ലോകാരോഗ്യ സംഘടനക്കെതിരായ ട്രംപിന്റെ  പ്രതികാര നടപടി. എന്നാൽ നീക്കത്തിനെതിരെ  ലോകരാജ്യങ്ങൾ ഒന്നായി രംഗത്തെത്തി. നീതീകരണമില്ലാത്ത തീരുമാനമെന്ന്  യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സ്വാർത്ഥതയാണ് ഈ നടപടിയെന്ന് റഷ്യ കുറ്റപ്പെടുത്തി.  ലോകാരോഗ്യ സംഘടനയോടുള്ള  ധാർമിക ഉത്തരവാദിത്തം അമേരിക്ക നിർവഹിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രിയും അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് പിന്തുണയുമായി ന്യൂസിലാൻഡും ഓസ്‌ട്രേലിയയും രംഗത്തെത്തി. അമേരിക്കയിലെ  അടക്കം ആരോഗ്യ സംഘടനകൾ ട്രംപിൻ്റെ തീരുമാനത്തെ ശക്തമായി വിമർശിക്കുകയാണ്.  ലോകാരോഗ്യ  സംഘടനക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന അമേരിക്കയുടെ നടപടി ദരിദ്ര രാഷ്ട്രങ്ങൾക്ക് വൻ തിരിച്ചടിയാകും.