റോം: കൊവിഡ് 19 മരണങ്ങള്‍ 1000 പിന്നിട്ട ഇറ്റലിയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. രോഗബാധയെ ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണമുണ്ടായിട്ടും ഐസൊലേറ്റ് ചെയ്യാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മനപ്പൂര്‍വം വൈറസ് പരത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തുക. ആറ് മുതല്‍ 36 മാസം വരെ ശിക്ഷ ലഭിക്കും.

അശ്രദ്ധമൂലവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമൂലം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റം ചുമത്തും. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞിട്ടും ഐസൊലേഷനില്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനപ്രകാരമാണ് നടപടി. പലരും സ്വയം ഐസൊലേഷന് തയ്യാറാകുന്നില്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

മുമ്പ് മനപ്പൂര്‍വം എച്ച്ഐവി പരത്തിയതിന് യുവാവിനെ 24 വര്‍ഷം ശിക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 15113 പേര്‍ക്ക് രോഗം ബാധിക്കുകയും 1016 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കും രോഗബാധ നിരക്കും ചൈനയേക്കാള്‍ കൂടുതല്‍ ഇറ്റലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.