വാഷിംഗ്ടണ്‍: കൊവിഡ് 19 ഭീഷണി ചെറുക്കാന്‍ അമേരിക്കക്ക് സഹായവുമായി ചൈനീസ് കോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മാ. കൊറോണവൈറസ് കിറ്റുകളും മാസ്കുകളും മറ്റ് അവശ്യസാധനങ്ങളുമടങ്ങുന്ന കിറ്റുകളുമായി കൂറ്റന്‍ കപ്പല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ടു. അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് നല്ലത് വരട്ടെ എന്ന അടിക്കുറിപ്പോടെ കപ്പല്‍ പുറപ്പെടുന്ന ചിത്രങ്ങള്‍ ജാക്ക് മാ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ആയിരങ്ങള്‍ ഏറ്റെടുത്തു. 10 ലക്ഷം മാസ്കുകളും അഞ്ച് ലക്ഷം പരിശോധന കിറ്റുകളുമാണ് ജാക്ക് മാ അമേരിക്കയിലേക്ക് കയറ്റി അയച്ചത്.

ജാക്ക് മാക്ക് നന്ദിയറിച്ച് നിരവധി അമേരിക്കക്കാര്‍ രംഗത്തെത്തി. അമേരിക്കയിലെ കോടീശ്വരന്മാര്‍ പോലും ചെയ്യാത്തതാണ് ജാക്ക് മാ ചെയ്തതെന്നും നന്ദിയുണ്ടെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പോലും ചെയ്യാത്ത കാര്യമാണ് ജാക്ക് മാ ചെയ്തതെന്ന് പോലും ചിലര്‍ അഭിപ്രായപ്പെട്ടു. 

20 ലക്ഷം മാസ്കുകളും മരുന്നുകളും യൂറോപ്പിനും ജാക്ക് മാ വാദ്ഗാനം ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം മാസ്കുകളും മരുന്നുകളുമായി കപ്പല്‍ ബെല്‍ജിയത്തെത്തിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം നേരിടാന്‍ 5000 കോടി ഡോളറാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4000വും മരിച്ചവരുടെ എണ്ണം 70 കടന്നു.