ന്യൂയോർക്ക്: ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.

കൊവിഡ് 19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം ചൈനീസ് മാധ്യമങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് മാസം പിന്നിടുകയാണ്. 210 രാജ്യങ്ങളിലായി വ്യാപിച്ച മഹാമാരി ഇതുവരെ കവര്‍ന്നത് രണ്ട് ലക്ഷം ജീവനുകളാണ്. ഇരുപതിനായിരത്തിലധികം കൊവിഡ് മരണങ്ങള്‍ അമേരിക്ക അടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ മാത്രം ഉണ്ടായി. 91 ദിവസം കൊണ്ട് തന്നെ മരണം ഒരു ലക്ഷം കടന്നപ്പോള്‍ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വെളിവാക്കുന്നതാണ്. 

വരുന്ന കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പല രാജ്യങ്ങളിലും നഴ്സിങ് ഹോമുകളിലേയും ആശുപത്രിക്ക് പുറത്തുള്ള മരണങ്ങളും കൂടി രേഖപ്പെടുത്തിയാല്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൊവിഡ് മരണമുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കവിഞ്ഞു. ഇറ്റലിയില്‍ 26,000 ആയിരം കടന്നു. യുകെയില്‍ നാലായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ഏറ്റവും അധികം നാശം വിതച്ച അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതര ലക്ഷം കടന്നു. ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്നതിന്റെ എല്ലാ സൂചനകളും ഉണ്ടെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ പരാമർശങ്ങൾ വിവാദങ്ങളാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാർത്താ സമ്മേളനങ്ങൾ ചുരുക്കാൻ വൈറ്റ് ഹൗസിൽ ആലോചനകൾ നടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.