ദില്ലി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14000 കടന്നു. ഇതുവരെ 331,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ പാടുപെടുന്ന ഇറ്റലിയില്‍ ഇന്ന് മാത്രം മരിച്ചത് 651 പേരാണ്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5476 ആയി. അതേസമയം ഐസിആര്‍ കണക്കുപ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 396ആയി. 

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍  481 പേരും ബഹ്‌റൈനില്‍ 332 പേരും കുവൈത്തില്‍ 188 പേരും 
യുഎഇയില്‍ 153 പേരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 55 ആയി.

ഇതിന് പിന്നാലെ ദുബൈയിലെ എമിറേറ്റ്‌സ് എയല്‍ലൈന്‍സ് മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്‌സിന്റെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും ബുധനാഴ്ച മുതല്‍ നിര്‍ത്തുകയാണെന്ന് സി ഇ ഒ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍മക്തൂം അറിയിച്ചു. 

രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ വിമാനസര്‍വീസുകള്‍ നിര്‍ത്തവെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്‌സ്.

കോഴിക്കോട് പുതുപ്പാടി സ്വദേശിയായ നഴ്‌സിനെ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍  ഇസ്രായേലിലെ ജറുസലേമില്‍  വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ആശുപത്രിയിലെ സേവനത്തിനിടെയാണ് ഇവര്‍ക്ക് കൊവിസ് 19 ബാധിച്ചത്.