തിരുവനന്തപുരം: ലോകമെമ്പാടും കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9,277 ആയി. രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുവരെ 85,831 പേരിൽ രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 1,30,519 പേരിൽ 6893 പേരുടെ നില ഗുരുതരമാണെന്നാണ് കണക്ക്. 

ചൈനയ്ക്കു പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് ബാധിച്ച ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 475 പേരാണ്. രോഗം വ്യാപകമായ സ്‌പെയിനിൽ മരണസംഖ്യ 767 ആയി. ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വിദ്യാലയങ്ങൾ അടക്കമുള്ളവ അടച്ചിട്ടും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചും കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങളെല്ലാം.

ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇപ്പോൾ യൂറോപ്പിലാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ സമ്പൂർണ പ്രവേശനവിലക്ക് നിലവിൽ വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സമ്പൂർണവിലക്ക് പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് ഒരു യൂറോപ്യൻരാജ്യത്തേക്കും ഇനി യാത്ര ചെയ്യാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിലായ പൗരന്മാർക്ക് ആശ്വാസം പകർന്ന് ബ്രിട്ടനും അമേരിക്കയും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ സെൻട്രൽ ബാങ്കും 82000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

ദക്ഷിണകൊറിയ 3900 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.ജർമ്മനിയിൽ 12000ലേറെ പേർ ചികിത്സയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ രോഗവ്യാപനം രണ്ടാം ഘട്ടത്തിലാണെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം. ശ്രീലങ്കയിൽ ഇതുവരെ രോഗം ബാധിച്ച് 50 പേർമരിച്ചു. ഇവിടെ ഏപ്രിലിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ഇറാനിലും കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗം ബാധിച്ച് ഇന്ന് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. 149 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇറാനിൽ നിന്നുള്ള വിവരം. ഇറാനിലെ സ്ഥിതി ഗുരുതരമാണെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാർ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ കരുതൽ നൽകുന്നുണ്‌ടെന്നും രോഗം ഭേദമായ ശേഷം ഇവരെ തിരിച്ചെത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.