ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഒരു കുടുംബത്തില്‍ നാല് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. കുടുംബത്തില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 20ഓളം ബന്ധുക്കള്‍ നിരീക്ഷണത്തിലും. ഗ്രേസ് ഫസ്‌കോ എന്ന 73 കാരിക്കും അവരുടെ മക്കളുമാണ് രോഗബാധിതരായി. 73കാരിയും മൂന്ന് മക്കളും മരിച്ചു. റിത ഫസ്‌കോ, കാര്‍മിന്‍ ഫസ്‌കോ, വിന്‍സെന്റ് ഫസ്‌കോ എന്നിവരാണ് മരിച്ചത്.

കൊവിഡ് 19 ബാധിച്ച് മരിച്ച ഗ്രേസ് ഫസ്കോയുടെ കുടുംബ ചിത്രം. മധ്യത്തില്‍ നില്‍ക്കുന്നതാണ് 73കാരിയായ ഗ്രേസ് ഫസ്കോ

ഇവര്‍ നിരവധി പേര്‍ പങ്കെടുത്ത കുടുംബവിരുന്ന് സംഘടിപ്പിച്ചിരുന്നു. റിത ഫസ്‌കോ വെള്ളിയാഴ്ചയും ഗ്രേസ് ഫസ്‌കോ ബുധനാഴ്ചയുമാണ് മരിച്ചത്. റിത ഫസ്‌കോക്ക് 55 വയസ്സായിരുന്നു പ്രായം. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് വിന്‍സെന്റ് ഫസ്‌കോ മരിച്ചത്. 

കടുത്ത നിയന്ത്രണത്തിനിടയിലും അമേരിക്കയില്‍ കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതുവരെ 200ലേറെ പേര്‍ മരിച്ചു. 15000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പല ആശുപത്രികളിലും രോഗികളുടെ ആധിക്യമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.