മിലാൻ: വെറും ഇരുപത്തിനാല് മണിക്കൂറിന്റെ ഇടവേളയിൽ 427 പേരുടെ ജീവനെടുത്ത കൊറോണ വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇറ്റലി. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 3405 ആയി. ചൈനയിൽ മരണ സംഖ്യ 3245 തുടരുകയാണെന്ന് മാത്രമല്ല പുതിയതായി വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ചൈനയിൽ രേഖപ്പെടുത്തുന്നത്. 

കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതിലൂടെ പുതിയതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാൻ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയെ പോലും വെല്ലുന്ന മരണ നിരക്ക് ഉണ്ടായിട്ടും പടര്‍ന്ന് പിടിക്കുന്ന വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇറ്റലി.

നിരത്തുകളെല്ലാം വിജനമാണ് . ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. രോഗവ്യാപനം എങ്ങനെ പിടിച്ച് നിര്‍ത്താമെന്ന കാര്യത്തിൽ വലിയ ആശങ്ക ഭരണകൂടത്തിനുമുണ്ട്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പുതിയതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ചൈനക്ക് നൽകുനന് ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ 24 മണിക്കൂറിനെടെ മാത്രം 108 പേര‍് ഫ്രാൻസിലും മരിച്ചു . 176 രാജ്യങ്ങളിൽ നിന്നായി പതിനായിരകത്തേളം കൊവിഡ് മരണങ്ങളാണ് ഇത് വരെ റിപ്പോര‍്ട്ട് ചെയ്തത്. 

ഇറ്റലി കഴിഞ്ഞാൽ പിന്നെ രോഗബാധിതരിലേറെയും ഇറാനിലാണ്. 18407 പേരാണ് ഇറാനിലെ വൈറസ് ബാധിതര്‍.അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിൽ ഇിനകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കുണ്ട്. ലോക മഹായുദ്ധത്തിന് ശേഷം മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന നിലയിലാണ് ലോക ആരോഗ്യ സംഘടന കൊവിഡ് 19 നെ വിലയിരുത്തുന്നത്