ലണ്ടൻ : യുകെയിൽ ഇന്നലെ പ്രഖ്യാപിക്കപ്പെട്ട 2020 ബഡ്ജറ്റ് കൊവിഡ് 19 -നെ നേരിടാനുള്ള സഹായങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളാലും ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ വംശജനായ യുകെ ചാൻസലർ രവി സുനാക് ആണ് കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള സഹായങ്ങൾ പ്രഖ്യാപിച്ചത് .

മുപ്പത് ബില്യൺ പൗണ്ടാണ് കൊവിഡ് 19 പ്രതിരോധത്തിനായി യുകെ മാറ്റിവെച്ചിരിക്കുന്നത്. അക്കൂട്ടത്തിലാണ് നിർബന്ധിത ഐസൊലേഷനിൽ കഴിയാൻ വിധിക്കപ്പെടുന്ന ജീവനക്കാരുടെ സിക്ക് ലീവിന് ചെലവാകുന്ന തുക, 14 ദിവസം വരെയുള്ളത്, ഗവൺമെന്റ് വഹിക്കും എന്ന് പ്രഖ്യാപിച്ചത്. ചെറുകിട വ്യവസായങ്ങളെ കൊവിഡ് 19 പ്രതികൂലമായി ബാധിക്കും എന്നതിനാൽ അവർക്കായി പല നിരക്കിളവുകളും ബജറ്റിലുണ്ട്. 

സർക്കാർ നിയന്ത്രണത്തിലുള്ള പൊതുആരോഗ്യ സംവിധാനത്തിന് വേണ്ടതെല്ലാം നൽകി കൊവിഡ് 19 പ്രതിരോധത്തിനായി അതിനെ സർവ്വസജ്ജമാക്കും സുനാക് പ്രഖ്യാപിച്ചു. വെയ്‌ബ്രിഡ്‌ജിലുള്ള ഗവേഷണ ലബോറട്ടറിക്ക് രോഗാണു പരിശോധനകൾക്കായി 1.4 ബില്യൺ പൗണ്ട് വേറെയും അനുവദിച്ചിട്ടുണ്ട്.