Asianet News MalayalamAsianet News Malayalam

Covid 19 China : 'വീടിന് പുറത്തിറങ്ങരുത്'; ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം, ജിലിൻ പ്രവിശ്യയിൽ കടുത്ത ലോക്ക്ഡൗൺ

45 ലക്ഷം പേർ ഉളള ജിലിൻ നഗരത്തിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുത് എന്നാണ് നിർദേശം. 90 ലക്ഷം പേരുള്ള ചാൻചൻ പ്രവിശ്യയിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ മാത്രമാണ് അനുമതി

Covid 19 Spreads, lockdown in many regions of China
Author
Beijing, First Published Mar 21, 2022, 7:08 PM IST

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് (Covid 19) രൂക്ഷമായതോടെ രാജ്യത്തെ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. ദിനംപ്രതി രാജ്യത്ത് കേസുകൾ വ‍ർധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 4000 ത്തിൽ അധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ ചൈനയിലെ കൊവിഡ് (Covid 19 China) കണക്ക് ഇപ്പോഴാണ് ഇത്രയധികം രൂക്ഷമാകുന്നത്. ജിലിൻ, ചാൻചൻ പ്രവിശ്യകളിലാണ് ഇപ്പോൾ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രവിശ്യകളിൽ കടുത്ത ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 45 ലക്ഷം പേർ ഉളള ജിലിൻ നഗരത്തിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുത് എന്നാണ് നിർദേശം. 90 ലക്ഷം പേരുള്ള ചാൻചൻ പ്രവിശ്യയിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ മാത്രമാണ് അനുമതി.

വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ നേരത്തെ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിൽ കഴിഞ്ഞ ആഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂട്ടിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ചൈനീസ് ഭരണകൂടം നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്. ഒമിക്രോണിന്‍റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചെനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഈ മേഖലകളിൽ വിന്യസിക്കും. ചുമതലകളിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 9 ആരോഗ്യ പ്രവർത്തകരെ നേരത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. കൊവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

'കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ ലോകത്താകെ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ചില രാജ്യങ്ങളിലെങ്കിലും വരും ആഴ്ചകളിലും മാസങ്ങളിലും ഇത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു. പലയിടങ്ങളിലും കൊവിഡ് 19 രോഗത്തെ നിസാരമായി കണ്ടുതുടങ്ങിയെന്നും ഇതിന്റെ ഭാഗമായി കൊവിഡ് പരിശോധനയും, കൊവിഡ് വാക്‌സിന്‍ വിതരണവുമെല്ലം ഭാഗികമായി നിര്‍ത്തലാക്കപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ചൂണ്ടികാട്ടുകയും ചെയ്തു. കൊവിഡ് 19 നെ നിസാരമായി കാണരുതെന്നും കൃത്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios