Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോണിന് പിന്നാലെ ദക്ഷിണ ആഫ്രിക്കയിലെ കൊവിഡ് കേസുകള്‍ ഒറ്റദിവസംകൊണ്ട് ഇരട്ടിയായി

ചൊവ്വാഴ്ച 4373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ച ആയപ്പോഴേക്കും കേസുകളുടെ എണ്ണം 8561 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദത്തിന് പിന്നാലെ ഇനിയും കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

Covid cases in South Africa double in a day after omicron
Author
South Africa, First Published Dec 2, 2021, 10:01 AM IST

ദക്ഷിണ ആഫ്രിക്കയിലെ (South Africa) പുതിയ കൊവിഡ് കേസുകളുടെ (Covid cases) എണ്ണം ഒറ്റ ദിവസംകൊണ്ട് ഇരട്ടിയായി. പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ (Omicron) കണ്ടെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെയാണ് ഇവിടെ കൊവിഡ് കേസുകള്‍ കുത്തനെ കൂടിയത്. ചൊവ്വാഴ്ച 4373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ച ആയപ്പോഴേക്കും കേസുകളുടെ എണ്ണം 8561 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദത്തിന് പിന്നാലെ ഇനിയും കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

വരും ദിനങ്ങളില്‍ കൊവിഡ് കേസുകള്‍ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആകാവുന്ന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ ആഫ്രിക്കയില്‍ മാത്രം പെട്ടന്നുണ്ടാവുന്ന കൊവിഡ് കേസുകളുടെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നാണ് വൈറോളജിസ്റ്റായ ഡോക്ടര്‍ നിക്സി ഗുമേഡ് മൊലെറ്റ്സി പ്രതികരിക്കുന്നത്. നവംബര്‍ ആദ്യ വാരങ്ങളില്‍ 200 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത രാജ്യത്താണ് കൊവിഡ് കേസുകള്‍ കുത്തനെ കൂടിയത്. നവംബര്‍ മധ്യത്തോടെയാണ് കൊവിഡ് കേസുകളില്‍ അസാധാരണായ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തിയത്.

ജൂണിലും ജൂലൈ മാസത്തിലുമായിരുന്നു സമാനമായ നിലയില്‍ ഇതിന് മുന്‍പ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് മൂലം 90000 പേരാണ് ഇതിനോടകം മരിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ തന്നെയാണോ നിലവിലെ പെട്ടന്നുള്ള കേസുകളുടെ വര്‍ധനയ്ക്ക് കാരണമായതെന്ന് ഇനിയും വ്യക്തമല്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ദക്ഷിണ ആഫ്രിക്കയിലേയും ബോട്സ്വാനയിലേയും ലാബുകളില്‍ ജീനോം സീക്വെന്‍സിംഗ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 


സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്
സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ്  സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.  ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍  ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. 

രാജ്യത്ത് ഒമിക്രോൺ സാന്നിധ്യമില്ല, ആ‍ർടിപിസിആർ-ആന്റിജൻ പരിശോധനയിൽ ഒമിക്രോൺ കണ്ടെത്താമെന്ന് കേന്ദ്രം
കൊവിഡിന്റെ  വകഭേദമായ ഒമിക്രോണിന്റെ (Omicron)സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു.  ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios