ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു.  24 മണിക്കൂറിനിടെ മരിച്ചത് 4,570 പേരാണ്. ഇതോടെ മരണസംഖ്യ 3,24,423 ആയി. പതിനാലായിരത്തിലേറെ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‍ത ബ്രസീലിൽ ആകെ രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിന് അടുത്തെത്തി. 1,130 പേര്‍കൂടി വൈറസ് ബാധിതരായി മരിച്ചത്. 

പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയില്‍ വര്‍ധനവാണുള്ളത്. ഒരു ദിവസത്തിനിടെ 1,552 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. പുതിയതായി 20,280 പേര്‍ക്കും കൊവിഡ് ബാധിച്ചു. റഷ്യയിൽ പുതിയ കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിൽ താഴെ ആയത് ആശ്വാസമായി. ഇറ്റലിയിൽ ബാറുകളും റെസ്റ്റോറന്‍റുകളും തുറന്നതിന് പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

ബ്രിട്ടനിൽ വീണ്ടും രോഗവ്യാപന നിരക്കും മരണസംഖ്യ ഉയരുകയാണ്. 545 മരണങ്ങളും 2500 ഓളം പുതിയ കേസുകളുമാണ് ഇന്നലെയുണ്ടായത്. ആകെ മരണസംഖ്യ 35,000 കടന്നു. ചരിത്രത്തിലില്ലാത്ത സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നതെന്ന് ചാൻസലർ റിഷി സുനാക് മുന്നറിയിപ്പ് നൽകി. ഇതിനിടെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി യാത്രാനുമതി കിട്ടി ഹീത്രു വിമാനത്താവളത്തിലെത്തിയ  25 ഓളം പേർക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു.