വുഹാന്‍: കൊറോണവൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസം ലോക്ക്ഡൗണായ ചൈനയിലെ വുഹാന്‍ നഗരവും സാധാരണ നിലയിലേക്ക്. നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി.  കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് വുഹാന്‍. വുഹാനില്‍ നിന്നാണ് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന് പിടിച്ചത്. കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് രാഷ്ട്രങ്ങള്‍ ലോക്ക്ഡൗണാകുമ്പോഴാണ് വുഹാന്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത്. വുഹാന്‍ നഗരമുള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയിലെ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസം മുമ്പ് ഭാഗികമായി നീക്കിയിരുന്നു.

ഹുബെയ് പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് വുഹാന്‍. 1.5 കോടി കുടുംബങ്ങള്‍ ജനുവരി മുതല്‍ ലോക്ക്ഡൗണിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോഡുകള്‍ തുറന്നു.നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ട്രെയിനുകള്‍ എത്തിത്തുടങ്ങി. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കാണ് യാത്ര അനുമതി. ചൈനയിലെ 80000ത്തിനോളം കൊവിഡ് കേസുകളില്‍ 50000ത്തിലധികവും ഹുബെയ് പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രവിശ്യയിലെ 3000ത്തോളം പേര്‍ രോഗം വന്ന് മരിച്ചു. അതേസമയം, ചൈനയില്‍ കഴിഞ്ഞ ദിവസം 54 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 81,394 ആയി. 74,971 പേര്‍ രോഗ വിമുക്തരായി. ചൈനയിലെ മൊത്തം മരണം  3295 ആയി. 

ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ എന്നിവിടങ്ങളിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്‌പെയിനില്‍ 6529 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. 9134 പേര്‍ മരിച്ചു.