അമേരിക്കയിലെ വിമാനത്താവളത്തിലെ ഉപേക്ഷിച്ച ബാഗില്‍ കണ്ടെത്തിയ ഉണക്കിയ ചാണകം നശിപ്പിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് സംഭവം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരാണ് ബാഗില്‍ ഉണക്കിയ ചാണകം കണ്ടെത്തിയത്. കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരന്‍റെ  ബാഗാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്.  ഈ ബാഗ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാതിരിക്കുകയായിരുന്നു. കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് നിരോധനമെന്നാണ് ഫീല്‍ഡ് ഓപ്പറേഷന്‍ ആക്ടിംഗ് ഡയറക്ടറായ കെയ്ത്ത് ഫ്ലെമിംഗ് പറയുന്നത്.

എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചാണകം കടത്തിക്കൊണ്ടുപോരാന്‍ നടക്കുന്ന ശ്രമങ്ങള്‍ അതിര്‍ത്തികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കെയ്ത്ത് പറയുന്നു. വളമായും ആന്‍റി മൈക്രോബിയല്‍ ആയും ചാണകം ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. കന്നുകാലി വളര്‍ത്തുന്നവരെ ആശങ്കപ്പെടുത്തുന്ന രോഗമായ കുളമ്പ് രോഗം ചാണകത്തിലൂടെ വളരെ വേഗം പകരുമെന്നാണ് യുഎസ് കൃഷി വകുപ്പ് വിശദമാക്കുന്നത്. 1929 മുതല്‍ ഒറ്റ കുളമ്പ് രോഗവും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമാണ് അമേരിക്ക. അമേരിക്ക കുളമ്പ് രോഗമുക്തമാണെന്നും അമേരിക്കയിലെ കാര്‍ഷിക വകുപ്പിന്‍റെ കണക്കുകളും വിശദമാക്കുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona