ദില്ലി: സിപിഐ മാവോയിസ്റ്റിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ സംഘടനയാണ് സിപിഐ മാവോയിസ്റ്റെന്ന് അമേരിക്കയുടെ റിപ്പോർട്ടിൽ ഉണ്ട്. 

2018ലെ ഭീകരാക്രമണങ്ങള്‍ പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് അമേരിക്ക ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ ലോകത്തെ ആറാമത്തെ ഭീകരസംഘടനയാണ് സിപിഐ മാവോയിസ്റ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്. താലിബാനെയാണ് പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക)  എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ജമ്മു കശ്മീരില്‍ നിന്ന് മാത്രമാണ് 57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 177 സംഭവങ്ങളിലായി 311 പേരെ സിപിഐ മാവോയിസ്റ്റ് സംഘടന കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചാകട്ടെ ഇത് 833 ആക്രമണങ്ങളിലായി 240 മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ഈ കണക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കഴി‌ഞ്ഞ വര്‍,ം മാത്രം തീവ്രവാദ ആക്രമണങ്ങളില്‍ 971 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നാലെ മണിപ്പൂര്‍ ആണുള്ളത്.