കഴിഞ്ഞ വർഷം ടെസ്‌ല വാഹനങ്ങൾ വിറ്റഴിച്ച യൂറോപ്യൻ ഫാർമസി ശൃംഖലയായ റോസ്മാൻ ടെസ്‌ല വാഹനങ്ങൾ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വാങ്ങിയിരുന്നു. അടുത്തിടെ, കമ്പനി അവയെല്ലാം തിരികെ നൽകിയതായി പ്രഖ്യാപിച്ചു.
ലണ്ടൻ: ഇലോൺ മസ്‌കിന്റെ രാഷ്ട്രീയ ചായ്‍വ് ചൂണ്ടിക്കാട്ടി, ഡാനിഷ് നിർമ്മാണ കമ്പനിയായ ഷെർണിംഗ്, ടെസ്‌ലയുടെ മുഴുവൻ വാഹനങ്ങളും തിരികെ നൽകിയതായി റിപ്പോർട്ട്. ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുമായി ബന്ധപ്പെട്ട് യൂറോപ്പിലെ ടെസ്‌ല വിൽപ്പന കുറയുന്നതും ബ്രാൻഡിന് കോട്ടം സംഭവിച്ചതിനെയും തുടർന്നാണ് കാറുകൾ തിരികെ നൽകാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ മസ്കിന്റെ രാഷ്ട്രീയ ചായ്‌വിൽ ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടെന്നും ആരോപിക്കപ്പെടുന്നു. മസ്കിന്റെ രാഷ്ട്രീയ നിലപാടുകൾ ടെസ്ലയുടെ വിൽപ്പന കുറയുന്നതിനും നിലവിലെ ടെസ്‌ല ഉടമകൾ പോലും ബ്രാൻഡിൽ നിന്ന് അകന്നു നിൽക്കുന്നതിനും വാഹനങ്ങൾ തിരികെ നൽകുകയോ വിൽക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ ഇവി നിർമ്മാതാവിന്റെ വിൽപ്പനയുടെ പ്രധാന ഉറവിടമായ കോർപ്പറേറ്റ് വിൽപ്പനയെയും ബാധിച്ചു.
കഴിഞ്ഞ വർഷം ടെസ്‌ല വാഹനങ്ങൾ വിറ്റഴിച്ച യൂറോപ്യൻ ഫാർമസി ശൃംഖലയായ റോസ്മാൻ ടെസ്‌ല വാഹനങ്ങൾ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വാങ്ങിയിരുന്നു. അടുത്തിടെ, കമ്പനി അവയെല്ലാം തിരികെ നൽകിയതായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ഷെർണിങ് കമ്പനിയും രംഗത്തെത്തിയത്. ഷെർണിംഗിൽ, ഞങ്ങൾ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് മാത്രമല്ല, ആരുടെ കൂടെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതും പ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ടെസ്‌ല കമ്പനി കാറുകൾ തിരികെ നൽകാൻ തീരുമാനിച്ചതെന്ന് ഇലക്ട്രെക്കിന് നൽകിയ പ്രസ്താവനയിൽ ഷെർണിംഗ് പറഞ്ഞു. ടെസ്‌ല മോശം കാറായി മാറിയതുകൊണ്ടല്ല, മറിച്ച് എലോൺ മസ്‌കിന്റെ രാഷ്ട്രീയ പ്രതിബദ്ധതയും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും അവർ പറഞ്ഞു. നിലവിൽ ടെസ്‌ല ബ്രാൻഡിനൊപ്പമുള്ള മൂല്യങ്ങളുമായും രാഷ്ട്രീയ ദിശയുമായും പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്പനി പ്രസ്താവിച്ചു.
ടെസ്‌ല വാഹനങ്ങൾക്ക് പകരം യൂറോപ്യൻ നിർമിത കാറുകൾ വാങ്ങുമെന്നും കമ്പനി അറിയിച്ചു. യൂറോപ്പിൽ ടെസ്‌ലയുടെ സ്ഥിതി സുസ്ഥിരമല്ലെന്നും പിരിച്ചുവിടലുകളും കടകൾ അടച്ചുപൂട്ടലുകളും ഉണ്ടായേക്കാമെന്നും ഇലക്‌ട്രെക് റിപ്പോർട്ട് ചെയ്തു. വർഷം തോറും 40% ഇടിവ് വിൽപ്പനയിൽ രേഖപ്പെടുത്തി. 2025 ലെ ഒന്നാം പാദത്തിലെയും രണ്ടാം പാദത്തിലെയും കണക്കുകൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഓരോ പാദത്തേക്കാളും കുറവാണെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, കോർപ്പറേറ്റ് ഫ്ലീറ്റുകൾ തിരികെ നൽകുകയും നിലവിലെ ഉടമകൾ അവരുടെ കാറുകൾ വിൽക്കുകയും ചെയ്യുന്നതിനാൽ, ഉപയോഗിച്ച ടെസ്‌ല വാങ്ങുന്നത് കൂടുതൽ ചെലവ് കുറഞ്ഞതായിരിക്കുമെന്ന് ഇലക്ട്രെക് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.


