Asianet News MalayalamAsianet News Malayalam

'ദാവൂദ് ഭായി ഫുള്‍ ഫിറ്റ്, പ്രചരിക്കുന്നത് വ്യാജവാർത്ത, കഴിഞ്ഞയാഴ്ച കണ്ടിരുന്നു'; വിശദീകരണവുമായി ഛോട്ടാ ഷക്കീൽ

പാകിസ്ഥാനിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ 'ഭായി'യെ നല്ല നിലയിൽ കണ്ടെത്തിയതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാൽ വിഷം കലർത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീൽ തള്ളിക്കളഞ്ഞു.

Dawood Ibrahim is fine, poisoning news is fake, says aide chhota shakeel prm
Author
First Published Dec 19, 2023, 7:46 AM IST

ദില്ലി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീൽ.  ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ അടിസ്ഥാനരഹിതമാണ്. ഈയടുത്താണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം 1000ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് കറാച്ചിയിൽ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വാർത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളിൽ പരക്കുന്ന കിംവദന്തികൾ മാത്രമാണെന്നും ഷക്കീൽ വ്യക്തമാക്കി.

പാകിസ്ഥാനിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ 'ഭായി'യെ നല്ല നിലയിൽ കണ്ടെത്തിയതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാൽ വിഷം കലർത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീൽ തള്ളിക്കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്. ഇടക്കാല പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയിൽ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം.

ദാവൂദ് ഇബ്രാഹിമിന് അജ്ഞാതൻ വിഷം നൽകിയെന്നായിരുന്നു പ്രചാരണം. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ,  പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നും ആരോപണമുണ്ട്. ഇമ്രാൻ ഖാൻ അനുയായികളെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുന്നത് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പിടിഐ ആരോപിച്ചു. 

1993ലെ മുംബൈ സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാൻ അഭയം നല്‍കിയെങ്കിലും ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയാണ്.  കറാച്ചിയിലെ ക്ലിഫ്‌ടൺ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പാകിസ്ഥാൻ നിരസിച്ചു. ഇത്തവണയും കിംവദന്തികളോട് പാകിസ്ഥാൻ അധികൃതർ മൗനം പാലിക്കുകയായിരുന്നു.ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ പാകിസ്ഥാനില്‍ ദാവൂദിന് മൈസാബിൻ എന്ന് പേരുള്ള രണ്ടാമത്തെ ഭാര്യയും കുട്ടികളുമുണ്ടെന്ന് പറയുന്നു. 

Read More... ദാവൂദ് ഇബ്രാഹിം മരിച്ചോ..? പാകിസ്ഥാനിൽ ഇന്റർനെറ്റിന് മെല്ലപ്പോക്ക്, സോഷ്യൽമീഡിയയും നിശ്ചലം


 
Latest Videos
Follow Us:
Download App:
  • android
  • ios