വിമാനത്തിലുണ്ടായിരുന്ന 242 പേർക്കും ജീവൻ നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചിരുന്നു

ലണ്ടൻ: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ നടുക്കം വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടിഷ് പൗരന്മാരും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേർക്കും ജീവൻ നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തിൽ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്. ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യൻ നഗരമായ അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഈ ദുരിതകരമായ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് താനെന്നും സ്റ്റാർമർ വ്യക്തമാക്കി.

Scroll to load tweet…

അതേസമയം വിമാനം തീഗോളമായി തകർന്ന് വീണതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുടെ മരണം ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. ആളിക്കത്തിയ വിമാനം പ്രദേശത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വീണത്. ഇത് അപകടത്തിന്‍റെ തോത് വർധിപ്പിക്കാൻ കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.

അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററി​ഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമക്കമുള്ളവർ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.

അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തിൽ രഞ്ജിത ഗോപകുമാറിന്‍റെ മരണം കേരളത്തിന് തീരാനോവായി. ലണ്ടനിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിതയുടെ ജീവനും എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനാലാണ് പത്തനംതിട്ടയിലെത്തിയത്. നാട്ടിലെ സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തമുണ്ടായത്.