യുദ്ധത്തിനെതിരായ കർശന നിലപാടിന്റെ പേരിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയെ അമേരിക്ക സമ്മർദത്തിലാക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. പെന്റഗൺ ഉദ്യോഗസ്ഥർ വത്തിക്കാൻ പ്രതിനിധിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിനെത്തുടർന്ന് മാർപ്പാപ്പയുടെ യുഎസ് സന്ദർശനം റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.

വാഷിങ്ടണ്‍: യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ സമ്മർദത്തിലാക്കാൻ അമേരിക്ക ശ്രമിച്ചെന്ന് റിപ്പോർട്ടുകൾ. വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്‍റഗണ്‍ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിരോധ നയരൂപീകരണ വിഭാഗം അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചു വരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘ദി ഫ്രീ പ്രസ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നത്.

'സ്റ്റേറ്റ് ഓഫ് ദി വേൾഡ്' പ്രസംഗത്തിൽ മാർപ്പാപ്പ സൈനികാധിനിവേശത്തെയും ആഗോളാധിപത്യത്തെയും വിമർശിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ലോകത്ത് എന്ത് ചെയ്യാനും തങ്ങൾക്ക് സൈനികമായി കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും എൽബ്രിഡ്ജ് കോൾബി മുന്നറിയിപ്പ് നൽകിയതായി 'ദി ഫ്രീ പ്രസ്സ്' റിപ്പോർട്ട് ചെയ്തു. തുടർന്ന് അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിൽ മാർപ്പാപ്പ നടത്താൻ തീരുമാനിച്ചിരുന്ന ഔദ്യോഗിക സന്ദർശനം റദ്ദാക്കിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വത്തിക്കാനോ പെന്‍റഗണോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമാധാന ആഹ്വാനവുമായി പോപ്പ് 

യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ സമാധാനത്തിനായി ലിയോ പതിനാലാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഒരു നാഗരികത തന്നെ ഇല്ലാതാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയും മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു ജനതയെ മുഴുവൻ ഇല്ലാതാക്കുമെന്ന ഭീഷണി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകം സാമ്പത്തിക - ഊർജ്ജ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഇത്തരം യുദ്ധഭീഷണികൾ കൂടുതൽ വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം ഒഴിവാക്കാൻ നേതാക്കളിൽ സമ്മർദ്ദം ചെലുത്തണമെന്ന് ട്രംപിന്‍റെ പേര് പരാമർശിക്കാതെ പോപ്പ് ആവശ്യപ്പെട്ടിരുന്നു.

സമാധാനത്തിനായി പ്രവർത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും ജനങ്ങൾ മുന്നോട്ടുവരണമെന്ന് പോപ്പ് ആഹ്വാനം ചെയ്തു. നിരപരാധികളായ കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമാണ് യുദ്ധത്തിന്റെ ആദ്യ ഇരകളാകുന്നത്. ഇത്തരം സംഘർഷങ്ങൾ ലോകത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുധങ്ങൾക്ക് പകരം ചർച്ചകളിലേക്ക് നേതാക്കൾ തിരിച്ചെത്തണമെന്നാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കണം. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യത്വപരമായ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.