ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് യുകെയിലെ സ്കോച്ച് വിസ്കി അസോസിയേഷൻ. കരാര്‍ പ്രകാരം വിസ്കിയുടെ ഇറക്കുമതി നികുതി കുറയുമെങ്കിലും, യുകെയുടെ പുതിയ സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾ കരാറിന് തടസമായി നിൽക്കുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യവുമായി യുകെയിലെ സ്കോച്ച് വിസ്‌കി അസോസിയേഷന്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ വിസ്‌കി കയറ്റുമതി ചെയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശന വേളയിലാണ് 'ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്' ഇരുരാജ്യങ്ങളും അംഗീകാരം നല്‍കിയത്. ഈ വര്‍ഷം ഇത് യുകെ പാര്‍ലമെന്റിന്റെ അനുമതി നേടുകയും ചെയ്തു. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ നികുതി ഒഴിവാക്കുമ്പോള്‍, പകരമായി ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും വിസ്‌കിക്കും ഇന്ത്യ നികുതി ഇളവ് നല്‍കും.

വിസ്‌കിക്ക് വില കുറയും; യുകെയ്ക്ക് വന്‍ നേട്ടം
വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി നികുതിയില്‍ വന്‍ കുറവുണ്ടാകും. നിലവില്‍ 150 ശതമാനമുള്ള ഇറക്കുമതി നികുതി കരാര്‍ വരുന്നതോടെ പകുതിയായി കുറയും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി വീണ്ടും താഴുമെന്നാണ് കണക്കുകള്‍.
സ്റ്റീല്‍ ഇറക്കുമതിയിലെ 'കുരുക്ക്'
വരാനിരിക്കുന്ന ജൂലൈ മാസം മുതല്‍ യുകെ നടപ്പിലാക്കാന്‍ പോകുന്ന സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കരാറിന് തടസമായിരിക്കുന്നത്. ഈ നിയന്ത്രണം അനുസരിച്ച് നികുതിയില്ലാതെ യുകെയിലേക്ക് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിന് പരിധിയുണ്ടാകും. കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് യുകെയുടെ ഈ പുതിയ സ്റ്റീല്‍ നയം കണക്കിലെടുത്തിരുന്നില്ലെന്ന് ഇന്ത്യന്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. എങ്കിലും, ഇന്ത്യ-യുകെ വ്യാപാര കരാര്‍ എത്രയും വേഗം ഔദ്യോഗികമായി യാഥാര്‍ത്ഥ്യമാക്കാന്‍ സ്റ്റീല്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് വ്യത്യസ്തവും ക്രിയാത്മകവുമായ ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


