തന്‍റെ മുന്‍ ഭാര്യയിലുണ്ടായിരുന്ന കുട്ടികള്‍ മാത്രമാണ് തനിക്കുള്ളതെന്നായിരിന്നു ഇതുവരെയുള്ള മറഡോണയുടെ വാദം. മൂന്ന് കുട്ടികളുടെ പിതൃത്വം കൂടെ ഏറ്റെടുത്തതോടെ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസത്തിന് ആകെ എട്ട് മക്കളായി

ഹവാന: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്യൂബയില്‍ ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ഈ കാര്യം സ്ഥിരീകരിച്ചത്. തന്‍റെ മക്കളെ ഔദ്യോഗികമായി ഏറ്റെടുക്കാനും പിതൃത്വ പരിശോധനകള്‍ പൂര്‍ത്തിയാക്കാനും മറഡോണ ഈ വര്‍ഷാവസാനം ഹവാനയിലെത്തും.

തന്‍റെ മുന്‍ ഭാര്യയിലുണ്ടായിരുന്ന കുട്ടികള്‍ മാത്രമാണ് തനിക്കുള്ളതെന്നായിരിന്നു ഇതുവരെയുള്ള മറഡോണയുടെ വാദം. മൂന്ന് കുട്ടികളുടെ പിതൃത്വം കൂടെ ഏറ്റെടുത്തതോടെ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസത്തിന് ആകെ എട്ട് മക്കളായി. 2003ല്‍ മറഡോണയും ഭാര്യയായിരുന്ന ക്ലോഡിയോ വില്‍ഫെനയും പിരിഞ്ഞിരുന്നു.

ഈ ബന്ധത്തിലുള്ള ജിയാനിയ, ഡാല്‍മ എന്നിവര്‍ മാത്രമാണ് തന്‍റെ മക്കളെന്ന് മറഡോണ വാദിച്ചിരുന്നു. പിന്നീട് ഡീഗോ ജൂനിയര്‍, ജാന എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. കൂടാതെ, വെറോണിക്ക ഒജേയുമായുള്ള ബന്ധത്തില്‍ പിറന്ന ഡീഗോ ഫെര്‍ണാണ്ടോയെയും മറഡോണ മകനായി അംഗീകരിച്ചിരുന്നു.

2000 മുതല്‍ 2005 വരെ ചികിത്സാ ആവശ്യങ്ങള്‍ക്കായി മറഡോണ ക്യൂബയില്‍ താമസിച്ചിരുന്നു. ഈ സമയത്ത് അന്നത്തെ ക്യൂബന്‍ പ്രസി‍ഡന്‍റ് ഫിദല്‍ കാസ്ട്രോയുമായി വലിയ സൗഹൃദമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കാസ്ട്രോയുടെ ചിത്രം കാലില്‍ മറഡ‍ോണ പച്ച കുത്തിയിട്ടുമുണ്ട്. നിലവില്‍ മെക്സിക്കന്‍ ഡൊറാഡോസിന്‍റെ പരിശീലകനാണ് മറഡോണ.