ദില്ലി: ധാരണാ ചർച്ചകൾക്ക് ശേഷവും ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടെയും ജോയിന്‍റ് സെക്രട്ടറി തല ചര്‍ച്ച നാളെ നടക്കും. നാല്‍പതിനായിരത്തോളം സൈനികര്‍ കിഴക്കന്‍ മേഖലയില്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.  നയതന്ത്ര- സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും  പിന്മാറാന്‍ ചൈന തയ്യാറല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാങ്കോങ്ങ് തടാകത്തിന് സമീപമുള്ള ഡെപ്സാന്‍ സമതല മേഖല, ഗോഗ്ര ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനിക സാന്നിധ്യമുണ്ട്. 

സായുധ സേന, പീരങ്കികള്‍, ടാങ്കുകള്‍ എന്നീ സന്നാഹങ്ങളോടെ ചൈന നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നിലപാടില്‍ അയവുണ്ടാകാത്തതെന്ന്  സൂചനയുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ നാളെ നടക്കുന്ന ജോയിന്‍റ് സെക്രട്ടറിമാരുടെ  ചര്‍ച്ച നിര്‍ണ്ണായകമാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ചര്‍ച്ചകള്‍ നടത്തിയത്.  അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ മെനക്കെടാത്ത പ്രധാനമന്ത്രിക്ക് സ്വന്തം പ്രതിച്ഛായ നിര്‍മ്മിതിയില്‍ മാത്രമാണ് ശ്രദ്ധയെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.