രാജ്യത്തെ അപകീർത്തിപ്പെടുത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും മന്ത്രി. മുൻ ഇസ്രായേലി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിരുന്നു.

ടെൽ അവീവ്: ഗാസയിൽ വലിയ രീതിയിൽ സാധാരണക്കാർ മരണപ്പെടുന്നതിനേക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകരുടെ ഇസ്രയേലി പൗരത്വം റദ്ദാക്കുമെന്ന് ഇസ്രായേൽ സാംസ്കാരിക മന്ത്രിയുടെ ഭീഷണി. ദി ഗാർഡിയൻ നിർമ്മിച്ച നാസ എന്ന ഡോക്യുമെന്ററിയുടെ സംവിധായകരായ യുവാൽ അബ്രഹാം, റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കുമെന്നാണ് ഇസ്രായേൽ സാംസ്കാരിക മന്ത്രി വിശദമാക്കിയിട്ടുള്ളത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 80 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി, ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ബോംബാക്രമണങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലക്ഷ്യനിർണ്ണയങ്ങളെയും കുറിച്ച് വിശദമായ വെളിപ്പെടുത്തലുകൾ ഉൾപ്പെടുന്നവയാണ്. ഇസ്രായേൽ സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ച 24 ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ കേന്ദ്രീകരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ പ്രതീക്ഷിക്കപ്പെടുന്ന എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന നാസ എന്ന ഹീബ്രു പരാമർശമാണ് ഡോക്യുമെന്ററിയുടെ പേരായി നൽകിയത്.

ശനിയാഴ്ചയാണ് ഡോക്യുമെന്ററിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. ഡോക്യുമെന്ററിയുടെ നേട്ടം ഞെട്ടിക്കുന്നതാണെന്നും മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഈ സംവിധായകരുടെ പ്രവർത്തനം രാജ്യദ്രോഹത്തിന് തുല്യമാണെന്നുമാണ് സാംസ്കാരിക മന്ത്രി മിക്കി സോഹർ ആരോപിക്കുന്നത്. ലോകമെമ്പാടുമുള്ള ജൂതവിരുദ്ധരിൽ നിന്ന് കയ്യടി നേടാനായി സംവിധായകർ സ്വന്തം രാജ്യത്തെ അധിക്ഷേപിക്കുകയാണെന്നും ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൗരത്വം റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും സാംസ്കാരിക മന്ത്രി മിക്കി സോഹർ എക്സിലൂടെ വ്യക്തമാക്കിയത്. ഇസ്രായേൽ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിറും സംവിധായകർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അതിക്രമങ്ങളെക്കുറിച്ച് നിർമ്മിച്ച നോ അദർ ലാൻഡ് എന്ന ഡോക്യുമെന്ററിയിലൂടെ ഓസ്കർ പുരസ്കാരം നേടിയ സംവിധായകരാണ് യുവാൽ അബ്രഹാമും റാച്ചൽ സോറും. ഗാസയിലെ സാധാരണക്കാരുടെ മരണങ്ങൾ അബദ്ധത്തിൽ സംഭവിക്കുന്നതല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെയാണ് നടക്കുന്നതെന്നും സംവിധായകർ വാദിക്കുന്നത്. എന്നാൽ ചിത്രത്തിലെ വെളിപ്പെടുത്തലുകൾ അജ്ഞാതരായ വ്യക്തികളുടേതാണെന്നും അതിനാൽ വിശ്വസനീയമല്ലെന്നുമാണ് ഇസ്രായേൽ പ്രതിരോധ സേന പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം