ഷാർജ ഉപഭരണാധികാരിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ നടൻ മമ്മൂട്ടി ഷാർജ രാജകൊട്ടാരത്തിലെത്തി. ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ട് അദ്ദേഹം ദുഃഖത്തിൽ പങ്കുചേർന്നു. ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായാണ് മമ്മൂട്ടി യുഎഇയിൽ എത്തിയത്.
ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചലച്ചിത്രതാരം മമ്മൂട്ടി. ഷാർജയിലെ രാജകൊട്ടാരത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി അൽ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചത്.
രാജകൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി സൗഹൃദം പങ്കുവച്ച അദ്ദേഹം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്.

ഷാർജ റൂളേഴ്‌സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി കണ്ടു. ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തെ തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഷാർജയിൽ പ്രഖ്യാപിച്ചിരുന്നു.


