ചൈനയുടെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം തന്നിൽ നിന്നും മറച്ചുവെച്ചു. തന്റെ ഭരണകൂടത്തെ തകർക്കാനും ജോ ബൈഡനെ സഹായിക്കാനും വേണ്ടിയാണ് ഇത്തരം വിവരങ്ങൾ പൂഴ്ത്തിവെച്ചതെന്നും ട്രംപ് ആരോപിച്ചു.

വാഷിംഗ്ടൺ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈന വിവരങ്ങൾ ചോർത്തിയെന്ന് ഡൊണാൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവുംവലിയ ഡാറ്റാ ലംഘനത്തിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ കൈക്കലാക്കിയെന്നാണ് ട്രംപിന്‍റെ ആരോപണം 2020-ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടത് ഇക്കാരണത്താലാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ട്രംപിന്റെ ആരോപണം. അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ "ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ" വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ വിവരങ്ങൾ താൻ ഉടൻ പരസ്യപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടില്ലെന്ന യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ മുൻകാല കണ്ടെത്തലുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ട്രംപ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം തന്നിൽ നിന്നും മറച്ചുവെച്ചു. തന്റെ ഭരണകൂടത്തെ തകർക്കാനും ജോ ബൈഡനെ സഹായിക്കാനും വേണ്ടിയാണ് ഇത്തരം വിവരങ്ങൾ പൂഴ്ത്തിവെച്ചതെന്നും ട്രംപ് ആരോപിച്ചു. വോട്ടിംഗ് മെഷീനുകളിലും ബാലറ്റ് എണ്ണുന്ന സംവിധാനങ്ങളിലും ഹാക്കിംഗ് സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം തികച്ചും തകർന്നതും സുരക്ഷിതമല്ലാത്തതുമാണ് എന്ന് ഈ രേഖകൾ തെളിയിക്കുന്നു. കോടിക്കണക്കിന് വോട്ടർമാരുടെ വിവരങ്ങളാണ് വിദേശ രാജ്യങ്ങളുടെ കൈകളിലുള്ളത്"- ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

അതേസമയം ട്രംപിന്റെ ആരോപണങ്ങൾ ചൈന ശക്തമായി നിഷേധിച്ചു. തങ്ങൾ മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഭാവിയിൽ ഇടപെടില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ഔദ്യോഗിക വിലയിരുത്തലുകളും ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമാണ്. 2021-ൽ യുഎസ് ഇന്റലിജൻസ് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ, 2020-ലെ തെരഞ്ഞെടുപ്പിൽ വോട്ടർ രജിസ്ട്രേഷൻ, ബാലറ്റുകൾ, വോട്ടെണ്ണൽ എന്നിവയുൾപ്പെടെയുള്ള ഒരു സാങ്കേതിക വശങ്ങളിലും മാറ്റം വരുത്താൻ ചൈനയോ മറ്റ് വിദേശ ശക്തികളോ ശ്രമിച്ചതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ട്രംപ് പറയുന്ന വോട്ടർ ഡാറ്റകളിൽ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളാണെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ പ്രസ്താവനകൾ തികച്ചും വ്യാജമാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് വാർണർ പ്രതികരിച്ചു. 2020-ലെ തെരഞ്ഞെടുപ്പിൽ ചൈന ഒരു വോട്ട് പോലും മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ഇന്റലിജൻസ് ഏജൻസികൾ ഏകകണ്ഠമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.