റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് ഈ തീരുമാനം. വെടിനിർത്തൽ കാലയളവിൽ തടവുകാരെ കൈമാറാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ട്രൂത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് വെടിനിർത്തൽ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സ്ഥിരീകരിച്ചു. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന 'വിജയദിനത്തിന്റെ' പശ്ചാത്തലത്തിലാണ് തീരുമാനം. റഷ്യയും ഉക്രെയ്നും രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചവരാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. വെടിനിർത്തൽ കാലയളവിൽ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്. പുടിനും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്.
തന്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ അവകാശവാദം. വെടിനിർത്തൽ കാലയളവിൽ എല്ലാത്തരം സൈനിക നീക്കങ്ങളും നിർത്തിവെക്കും. ഇതിനോടകം റഷ്യ ഏകപക്ഷീയമായി രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, അമേരിക്കയുടെ ഇടപെടലോടെ ഇത് ഔദ്യോഗികമായ മൂന്ന് ദിവസത്തെ കരാറായി മാറുകയായിരുന്നു.


