കഴിഞ്ഞ വർഷം ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയും ഡിജിറ്റൽ സംരംഭങ്ങളിലൂടെയും ഡൊണാൾഡ് ട്രംപ് 1.4 ബില്യൺ ഡോളറിലധികം വരുമാനം നേടിയതായി ഔദ്യോഗിക രേഖകൾ. ട്രംപും കുടുംബവും നടത്തുന്ന 'വേൾഡ് ലിബർട്ടി ഫിനാൻസ്', 'ട്രംപ് മീം കോയിനുകൾ' എന്നിവയാണ് പ്രധാന വരുമാന സ്രോതസുകൾ.
ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെയും സ്വന്തം ഡിജിറ്റല്‍ സംരംഭങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത് വന്‍ വരുമാനമെന്ന് ഔദ്യോഗിക രേഖകള്‍. ട്രംപും കുടുംബവും നടത്തുന്ന ക്രിപ്‌റ്റോ സംരംഭങ്ങളില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 1.4 ബില്യണ്‍ ഡോളറിലധികം ഇന്ത്യൻ രൂപയിൽ ഏകദേശം 13,440 കോടിയിലധികം രൂപ വരുമാനം ലഭിച്ചതായാണ് യുഎസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. ട്രംപ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ വഴി വലിയ നേട്ടമുണ്ടാക്കിയ ഡിജിറ്റല്‍ അസറ്റുകളില്‍ നിന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത്.
അമേരിക്കയിലെ നിയമപ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും തങ്ങളുടെ വരുമാനവും സ്വത്തുവിവരങ്ങളും നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ടതുണ്ട്. ഇതനുസരിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങളിലാണ് ട്രംപിന്റെ ക്രിപ്‌റ്റോ സാമ്രാജ്യത്തിന്റെ വളര്‍ച്ച വ്യക്തമാകുന്നത്.
വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍സിലൂടെ പണമൊഴുക്ക്
ട്രംപും മക്കളും ചേര്‍ന്ന് രൂപീകരിച്ച 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍സ്' എന്ന ക്രിപ്‌റ്റോ സംരംഭത്തില്‍ നിന്ന് മാത്രം ട്രംപിന്റെ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം 800 മില്യണ്‍ ഡോളര്‍ (ഏകദേശം 7,680 കോടി രൂപ) ലഭിച്ചു. ഇതില്‍ 520 മില്യണ്‍ ഡോളറിലധികം (ഏകദേശം 4,992 കോടി രൂപ) ക്രിപ്‌റ്റോ ടോക്കണുകളുടെ വില്‍പ്പനയിലൂടെയും, 250 മില്യണ്‍ ഡോളറിലധികം (ഏകദേശം 2,400 കോടി രൂപ) വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍സിന്റെ ഓഹരി വില്‍പ്പനയിലൂടെയുമാണ് നേടിയത്. ഈ വരുമാനത്തിന്റെ ഒരു വിഹിതം ട്രംപിന്റെ കുടുംബാംഗങ്ങള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഇതിനുപുറമേ, 2025 ജനുവരിയില്‍ ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പുറത്തിറക്കിയ 'ട്രംപ് മീം കോയിനുകളുടെ' വില്‍പ്പനയിലൂടെ 635 മില്യണ്‍ ഡോളര്‍ (ഏകദേശം 6,096 കോടി രൂപ) അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് വേള്‍ഡ് ലിബര്‍ട്ടിയിലെ ടോക്കണ്‍ വില്‍പ്പനയിലൂടെ 57.35 മില്യണ്‍ ഡോളര്‍ മാത്രമായിരുന്ന വരുമാനമാണ് ഇത്തവണ 500 മില്യണ്‍ ഡോളറിലധികമായി കുതിച്ചുയര്‍ന്നത്.
ക്രിപ്‌റ്റോ നയങ്ങളും സ്വത്ത് വര്‍ദ്ധനവും
രണ്ടാം തവണയും പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ക്രിപ്‌റ്റോ മേഖലയ്ക്ക് അനുകൂലമായ നിരവധി നയങ്ങളാണ് ട്രംപ് നടപ്പിലാക്കിയത്. സ്റ്റേബിള്‍ കോയിനുകള്‍ക്കായി ഫെഡറല്‍ ചട്ടങ്ങള്‍ കൊണ്ടുവരികയും, ക്രിപ്‌റ്റോ വിപണിയിലെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും കര്‍ശനമായ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ ട്രംപിന്റെ വ്യക്തിപരമായ ബിസിനസ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം, ക്രിപ്‌റ്റോ വിപണിയിലെ ഇടപെടലുകളിലൂടെ ട്രംപിന്റെ വ്യക്തിഗത സ്വത്ത് ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. 2024 ല്‍ 2.3 ബില്യണ്‍ ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 2026 ആയപ്പോഴേക്കും 6.5 ബില്യണ്‍ ഡോളറായി (ഏകദേശം 62,400 കോടി രൂപ) ഉയര്‍ന്നു. നിലവില്‍ ട്രംപിന്റെ ബിസിനസ് കാര്യങ്ങളെല്ലാം നോക്കുന്നത് അദ്ദേഹത്തിന്റെ മക്കളാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ വരുമാനങ്ങളെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് ട്രംപ് ഗുണഭോക്താവായ ട്രസ്റ്റിലേക്കാണ്.


