Asianet News MalayalamAsianet News Malayalam

അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ ഇറാനെ ഇല്ലാതാക്കും; ഡൊണാള്‍ഡ്‌ ട്രംപ്‌

'യുദ്ധം ചെയ്യാനാണ്‌ ഒരുങ്ങുന്നതെങ്കില്‍ അത്‌ ഇറാന്റെ അവസാനമായിരിക്കും. അമേരിക്കയെ പേടിപ്പിക്കരുത്‌ '

Donald trump issued stern warning to iran
Author
Washington D.C., First Published May 20, 2019, 5:55 PM IST

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ താല്‌പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ മുന്നറിയിപ്പ്‌. തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനാണ്‌ തീരുമാനമെങ്കില്‍ അതോടെ ഇറാന്‍ ഇല്ലാതാകുമെന്നും ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കി.

'യുദ്ധം ചെയ്യാനാണ്‌ ഒരുങ്ങുന്നതെങ്കില്‍ അത്‌ ഇറാന്റെ അവസാനമായിരിക്കും. അമേരിക്കയെ പേടിപ്പിക്കരുത്‌'- ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.

യുദ്ധസാധ്യത തള്ളിക്കളഞ്ഞുകൊണ്ട്‌ ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ്‌ ജാവേദ്‌ സരീഫ്‌ ശനിയാഴ്‌ച്ച രംഗത്തെത്തിയിരുന്നു. ഇറാന്‍ യുദ്ധത്തിനൊരുങ്ങുകയാണെന്നത്‌ വെറും മിഥ്യാധാരണായാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

കടുത്ത ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക്‌ യുദ്ധക്കപ്പലുകളയച്ചും അമേരിക്ക പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതിനെ ഇറാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഉള്‍ക്കടലില്‍ നങ്കൂരമിട്ട അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക്‌ ചെറിയൊരു മിസൈല്‍ മതിയെന്ന ഇറാനിലെ മുതിര്‍ന്ന സൈനികഉദ്യോഗസ്ഥന്‍ മുഹമ്മദ്‌ സലേ ജൊകാറിന്റെ പ്രകോപനപരമായ പ്രസ്‌താവന കൂടിയായതോടെയാണ്‌ ഇറാന്‍ അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിന്‌ തയ്യാറെടുക്കുന്നു എന്ന അഭ്യൂഹം ശക്തമായത്‌.

ആറ്‌ ലോകരാജ്യങ്ങള്‍ ഇറാനുമായി ഒപ്പുവച്ച അന്താരാഷ്ട്ര ആണവകരാറില്‍ നിന്ന്‌ ഏകപക്ഷീയമായി അമേരിക്ക പിന്‍മാറിയതാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്‌. തുടര്‍ന്ന്‌ കരാറില്‍ നിന്ന്‌ ഇറാനും പിന്‍വാങ്ങുകയും ആണവപദ്ധതി പുനരാരംഭിക്കുമെന്ന്‌ പ്രഖ്യാപിക്കുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios