അമേരിക്കയുടെ സുരക്ഷാ സഹായം ആസ്വദിക്കുകയും എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഒപ്പം നിൽക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ.

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ ഡൊണാൾഡ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അമേരിക്കയുടെ സുരക്ഷാ സഹായം ആസ്വദിക്കുകയും എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഒപ്പം നിൽക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്തിരിയുകയാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിങ്ങൾക്കുള്ള ഇന്ധനം നിങ്ങൾ തന്നെ വാങ്ങൂ എന്നാണ് ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ പ്രതികരണം. ഇന്ധനവില ഇനിയും കുത്തനെ ഉയരുമെന്ന സൂചന നൽകുന്നതാണ് ട്രംപിന്റെ വിമർശനം.

Add Asianetnews as a Preferred SourcegooglePreferred

ഇറാനെതിരെയുള്ള സൈനിക നടപടി ധാരണകളിലെത്താതെ തന്നെ അവസാനിക്കുമെന്ന സൂചനയും ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്.അമേരിക്കൻ സൈന്യം ഇറാനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുമ്പോൾ, ജർമ്മനിയും ഫ്രാൻസും ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ രാജ്യങ്ങൾ ഈ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. ഈ നിലപാടിനെ വഞ്ചന എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിലും അമേരിക്ക ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ വിമർശനങ്ങളിൽ ട്രംപ് ലക്ഷ്യമിട്ടത് ബ്രിട്ടനെയായിരുന്നു. വൈകിയെത്തിയ ധൈര്യം ഉപയോഗിച്ച് ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കണം എന്നാണ് ബ്രിട്ടനെ ട്രംപ് വിമർശിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള വലിയൊരു നാവികസേന അവർക്കുണ്ടെന്നാണ് താൻ കരുതിയതെന്നാണ് ബ്രിട്ടീഷ് റോയൽ നേവിയെ പരിഹസിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പ്രതികരിച്ചത്. ഇസ്രായേലിലേക്ക് സൈനിക സാമഗ്രികളുമായി പോയ വിമാനങ്ങളെ തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കാൻ അനുവദിക്കാത്ത ഫ്രാൻസിന്റെ നിലപാടും ട്രംപിന്റെ രൂക്ഷ വിമർശനത്തിനിരയായി.യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആഗോളതലത്തിൽ വലിയ അമർഷമാണ് ഉയരുന്നത്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോഴും, നിലനിൽപ്പിനായുള്ള പോരാട്ടമായി ഇതിനെ കാണുന്ന ഇറാൻ അനുകൂലമായല്ല പ്രതികരിക്കുന്നത്. യുദ്ധം ആവർത്തിക്കില്ലെന്ന ഉറപ്പ് ലഭിക്കുകയാണെങ്കിൽ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം