സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വമ്പൻ പ്രഖ്യാപനങ്ങളുമായി ലോകത്തെ അമ്പരപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായുള്ള ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്നതാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉൾപ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്.
സിറിയയ്ക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് ഡോണൾഡ് ട്രംപ് ഉറപ്പ് പറഞ്ഞു. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തി.
അതേസമയം സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പാണ് സൗദി നൽകിയത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിലും തന്ത്രപ്രധാന സാന്പത്തിക സഹകരണ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി ബുധനാഴ്ച നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ല എന്നതും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നതുമടക്കമുള്ള സുപ്രധാന പ്രഖ്യാപനം ട്രംപിൽ നിന്ന് ഉണ്ടാകുമോയെന്നതും അറിയാനായി അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഗൾഫ് സന്ദർശനത്തെ ലോകം ഉറ്റുനോക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്ന് ട്രംപ് പറഞ്ഞു. കരാർ അനുസരിച്ച് അമേരിക്കയിൽ നിന്ന് ഖത്തർ 160 ബോയിങ് വിമാനങ്ങൾ വാങ്ങും. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു. ഖത്തർ അമീറുമായി ഉള്ള കൂടിക്കാഴ്ചയിൽ ‘ഇറാൻ ഡീൽ’ നടപ്പാകും എന്നും ട്രംപ് സൂചിപ്പിച്ചു. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലായിരുന്നു ഇത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സി ഇ ഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്. 200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ബോയിങിന്റെ ഏത് തരം വിമാനങ്ങളായിരിക്കും ഖത്തർ എയർവേയ്സ് വാങ്ങുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ബോയിങും ഖത്തർ എയർവേയ്സും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.