ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും 40 മിനിറ്റോളം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഹോർമൂസ് കടലിടുക്കിലെ ചരക്ക് നീക്കത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി വ്യക്തമാക്കി.

40 ദിവസം നീണ്ട നിന്ന ഇറാൻ യുദ്ധം, പാക് മധ്യസ്ഥതയിൽ നടന്ന മധ്യസ്ഥശ്രമം പരാജയപ്പെട്ടതിന് പിന്നാലെ മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പശ്ചിമേഷ്യൻ വിഷയത്തിൽ 40 മിനിറ്റോളം ഫോൺ സംഭാഷണം നടത്തി. ഇരുവരും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്. അതേസമയം യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണവും. സംഭാഷണത്തിനിടെയിൽ 'ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്ന'തായി ട്രംപ് മോദിനോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോട്ട് ചെയ്തു.

'സ്നേഹം' അറിയിച്ച് ട്രംപ്

'എന്‍റെ സുഹൃത്ത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിളിച്ചെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ എഴുതിയത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെ കുറിച്ചും സംസാരിച്ചതായും ചർച്ചയിൽ ഇന്ത്യൻ നിലാപട് വിശദീകരിച്ചതായും മോദി എഴുതി. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം സുഗമാക്കേണ്ടതിനെ കുറിച്ച് ട്രംപിനോട് വിശദീകരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർ‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Scroll to load tweet…

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിനിടെ ഉഭയകക്ഷി ബന്ധങ്ങളിലെ ഗണ്യമായ പുരോഗതിയെ കുറിച്ച് അവലോകനം ചെയ്തതായും, ഊർജ്ജ മേഖലയിലുൾപ്പെടെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വാഷിംഗ്ടണും ന്യൂദില്ലിയും തമ്മിൽ വലിയ കരാറുകളിൽ ഒപ്പുവെക്കുമെന്നും യുഎസ് പ്രതിനിധി സെർജിയോ ഗോർ പിടിഐയോട് പറഞ്ഞു.

ചർച്ചകൾ തുടരും

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ട്രംപിന്‍റെ ട്രേഡ് ഡീലിനെ കുറിച്ചു മാർച്ച് 27 ന് പശ്ചിമേഷ്യൻ വിഷയങ്ങളെ കുറിച്ചുമാണ് ഇതിന് മുമ്പ് മോദിയും ട്രംപും തമ്മിൽ സംസാരിച്ചത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നടത്തിയ മൂന്ന് ദിവസത്തെ വാഷിംഗ്ടണ്‍ സന്ദർശനത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള സംഭാഷണത്തിനായി അടുത്ത മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തും. രണ്ട് ദിവസത്തിനുള്ളിൽ പശ്ചിമേഷ്യൻ പ്രശ്നം തീരുമെന്നും പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു.