യൂറോപ്യൻ യൂണിയനിൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, അവർ ഞങ്ങളെ ശരിക്കും മുതലെടുത്തുവെന്ന് പറഞ്ഞു.
വാഷിങ്ടൺ: മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്ക് അധിക നികുതി ചുമത്തിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ദക്ഷിണാഫ്രിക്കക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. മെക്സിക്കോക്കും കാനഡക്കും 25 ശതമാനം താരിഫ് ചുമത്തുകയും ചൈനക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുകയും ചെയ്തതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സാധനങ്ങൾക്ക് ഉടൻ തന്നെ അധിക തീരുവ നടപ്പാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
യൂറോപ്യൻ യൂണിയനിൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, അവർ ഞങ്ങളെ ശരിക്കും മുതലെടുത്തുവെന്ന് പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള യുഎസ് വ്യാപാര കമ്മിയെക്കുറിച്ചുള്ള പരാതികളും അദ്ദേഹം ആവർത്തിച്ചു. അതേസമയം, വ്യാപാരയുദ്ധം അമേരിക്കയുടെ വളർച്ചയെ മന്ദഗതിയിലാക്കാനും വില വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
യുഎസ് താരിഫ് ചുമത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഞായറാഴ്ച പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് അന്യായമായോ ഏകപക്ഷീയമായോ താരിഫ് ചുമത്തുന്ന ഏതൊരു വ്യാപാര പങ്കാളിയോടും ശക്തമായി പ്രതികരിക്കുമെന്ന് ഇയു വക്താവ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മെക്സിക്കോയുമായും ചർച്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
Read More... മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു, കാണാൻ ഞങ്ങൾ ആശുപത്രിയിൽ വരാം'; കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ
ദക്ഷിണാഫ്രിക്ക ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് വളരെ മോശമായി പെരുമാറുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. കൂടാതെ അന്വേഷണവിധേയമായി രാജ്യത്തിനുള്ള എല്ലാ ധനസഹായവും വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, കാനഡയും മെക്‌സിക്കോയും ഉടൻ തന്നെ പ്രതികാര നടപടികൾ പ്രഖ്യാപിച്ചപ്പോൾ, ലോക വ്യാപാര സംഘടനയിൽ ട്രംപിൻ്റെ അധിക താരിഫിനെ ചോദ്യം ചെയ്യുമെന്ന് ചൈന പറഞ്ഞു.
