ഖമേനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ.
ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്ന് റിപ്പോർട്ട്. 'ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നാലാം ദിനവും ഇസ്രയേൽ- ഇറാൻ സംഘർഷം ആളിക്കത്തുമ്പോൾ ഇരു രാജ്യങ്ങളും സമാധാനപരമായ കരാറിൽ എത്തണമെന്ന നിലപാട് ട്രംപ് ആവർത്തിക്കുകയാണ്. ഇരു രാജ്യങ്ങളോടും ബഹുമാനമെന്നും സമാധാന ചർച്ചകൾക്കുള്ള സമയമായെന്നും ട്രംപ് പറഞ്ഞു.
ഖമേനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിസമ്മതിച്ചു. ഇറാനെ ആക്രമിക്കും മുൻപ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും വധിച്ചുള്ള ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാൻ. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ മരണം 224 ആയി. രണ്ടായിരം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി തിരിച്ചടിച്ചിട്ടുണ്ട്. വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി. ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാവുകയാണ്.


