2015ലെ ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും തങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിയന്ത്രണ പരിധികള്‍ ലംഘിക്കാന്‍ ഇറാന്‍ തീരുമാനിച്ചത്.
ടെഹ്റാന്‍: ആണവായുധ നിര്‍മ്മാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇറാന് തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസമാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി വ്യക്തമാക്കിയത്.
2015ലെ ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും തങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിയന്ത്രണ പരിധികള്‍ ലംഘിക്കാന്‍ ഇറാന്‍ തീരുമാനിച്ചത്. ഇറാന്‍ ആണവായുധ നിര്‍മ്മാണം കുറച്ചാല്‍ അവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015ലെ കരാര്‍. കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയത്. ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്.
ജൂലൈ 7 മുതല്‍ ആണവകരാര്‍ വ്യവസ്ഥകളില്‍ നിന്നുള്ള പിന്‍മാറ്റം ആരംഭിക്കുമെന്നും കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 3.76 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാവൂ എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍, ഇത് രാജ്യത്തിന് ആവശ്യമുളളത്രയും അളവില്‍ വര്‍ധിപ്പിക്കുമെന്നാണ് ഇപ്പോള്‍ ഇറാന്‍ നിലപാടെടുത്തിരിക്കുന്നത്. ഇതിനെതിരെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
