'വലിയ ഡ്രോണുകള്‍ക്ക് താഴെ ചെറിയ ഡ്രോണുകള്‍, അവ കാലുകള്‍ പോലെ തൂങ്ങിക്കിടക്കുകയായിരുന്നു. പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുപോലെ ഒരൊറ്റ രൂപമായാണ് അവ ആകാശത്ത് നീങ്ങിയിരുന്നത്. ശരിക്കുമൊരു അന്യഗ്രഹ ജീവിയെപ്പോലെ' -പൈലറ്റ് മൊഴി നല്‍കി.
വാഷിംഗ്ടണ്‍: ഇറാന്‍-യുഎസ് യുദ്ധത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളില്‍ വഴിത്തിരിവുണ്ടാക്കി യുഎസ് പൈലറ്റിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ ഇറാന്റെ ആകാശത്ത് വെച്ച് തകര്‍ന്നു വീണ എഫ്-15 വിമാനത്തിന്റെ പൈലറ്റാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇദ്ദേഹത്തെ വിമാനാപകടത്തിനു ശേഷം യുഎസ് പ്രത്യേക സേന ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ കയറി അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്നതിന് തൊട്ടുമുമ്പ് ആകാശത്ത് കണ്ട അവിശ്വസനീയമായ കാഴ്ചയെക്കുറിച്ച് പൈലറ്റ് നല്‍കിയ മൊഴിയാണ് അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
'ജെല്ലിഫിഷ്' ആകൃതിയില്‍ വിന്യസിച്ച നൂറുകണക്കിന് ഇറാന്‍ ഡ്രോണുകള്‍ ആകാശത്ത് ഒന്നിച്ച് കണ്ടതായാണ് അദ്ദേഹം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് മൊഴി നല്‍കിയത്. 'വലിയ ഡ്രോണുകള്‍ക്ക് താഴെ ചെറിയ ഡ്രോണുകള്‍, അവ കാലുകള്‍ പോലെ തൂങ്ങിക്കിടക്കുകയായിരുന്നു. പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുപോലെ ഒരൊറ്റ രൂപമായാണ് അവ ആകാശത്ത് നീങ്ങിയിരുന്നത്. ശരിക്കുമൊരു അന്യഗ്രഹ ജീവിയെപ്പോലെ' -പൈലറ്റ് മൊഴി നല്‍കി. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡ്രോണുകള്‍ കൊണ്ട് ആകാശത്തെ 'കുഴിബോംബ് പാടം' ആക്കി മാറ്റുകയായിരുന്നു ഇറാനെന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ ഈ കാഴ്ചയെ വിശദീകരിച്ചത്. സാങ്കേതിക വിദ്യയില്‍ 'വണ്‍ ടു മെനി മെഷ്ഡ് നെറ്റ്വര്‍ക്കിംഗ്' എന്നാണ് ഇതിനെ വിളിക്കുന്നത്. ഒരു ഓപ്പറേറ്റര്‍ക്ക് ഒരേസമയം നൂറുകണക്കിന് ഡ്രോണുകളെ ഒരൊറ്റ ശൃംഖലയായി നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.
യുഎസിന്റെ അത്യാധുനിക എഫ്-15 വിമാനം തകര്‍ന്നു വീഴാന്‍ കാരണം ഇറാന്റെ ഈ ഡ്രോണ്‍ കൂട്ടമയാണോ എന്നാണ്് അമേരിക്ക അന്വേഷിക്കുന്നത്. പൈലറ്റ് വിവരിച്ചതുപോലെയുള്ള ഒരു സാങ്കേതികവിദ്യ ഇറാന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ അത് പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് വലിയ ഭീഷണിയാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സാങ്കേതിക സഹായം ഇതിന് പിന്നിലുണ്ടെന്നാണ് യുഎസ് ഇന്റലിജന്‍സ് സംശയിക്കുന്നത്.
എന്നാല്‍ ഈ വെളിപ്പെടുത്തല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. പൈലറ്റിന് ഉണ്ടായ വിഭ്രമമാണോ ഇതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. കാരണം, ഈ പൈലറ്റിന്റെ വിമാനം തകരുന്നത് രണ്ടാം തവണയാണ്. മുന്‍പ് കുവൈറ്റ് സേനയുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധത്തിലുള്ള വെടിവെപ്പിലും ഇതേ പൈലറ്റിന്റെ വിമാനം തകര്‍ന്നിരുന്നു. ഇത്തവണത്തെ അപകടത്തില്‍ ഇദ്ദേഹത്തിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ ദേശീയ രഹസ്യാന്വേഷണ വിഭാഗമോ ഇതുവരെ തയ്യാറായിട്ടില്ല.


