ഇതുവരെ ഒരുലക്ഷം പേര്‍ക്ക് കോംഗോയില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധമരുന്ന് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ പെരുകുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കിന്‍സാഷ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലധികമായെന്ന് റിപ്പോര്‍ട്ടുകള്‍. കോംഗോ ആരോഗ്യമന്ത്രി ഓളി ഇലുങ്ക ഈ കണക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 2014-2016 വര്‍ഷത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് പിടിപെട്ട് 11,300 പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ഇത്രയേറെ പേര്‍ എബോള ബാധിച്ച് മരിക്കുന്നത് കോംഗോയിലാണ്.

പനിയെത്തുടര്‍ന്നുള്ള രക്ത സ്രാവമാണ് മരണത്തിന് കാരണമാകുന്നത്. ഇതുവരെ ഒരുലക്ഷം പേര്‍ക്ക് കോംഗോയില്‍ പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധമരുന്ന് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ പെരുകുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാമറൂണ്‍ സ്വദേശിയായ എപ്പിഡെമിയോളജിസ്റ്റ് കഴിഞ്ഞമാസം പ്രദേശവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങള്‍ മൂലം രണ്ട് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ എബോള ബാധിത മേഖലകളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.