കഴുത്തിലും തലയിലും കൈകളിലും നായകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കാണ് 51 കാരിക്ക് സംഭവിച്ചിട്ടുള്ളത്. ഒരു കൈ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്

പാം ഐസ്ലാന്‍ഡ്: ഓസ്ട്രേലിയയിലെ വീല്‍ ചെയറിലിരുന്ന 51 കാരിയെ കടിച്ച് കീറി നായ്ക്കള്‍. വീല്‍ ചെയറിലിരുന്ന സ്ത്രീയ്ക്ക് നേരെ തിങ്കളാഴ്ച രാത്രിയാണ് നായകളുടെ ആക്രമണം ഉണ്ടായത്. പാം ഐസ്ലാന്‍ഡിലായിരുന്നു സംഭവം. കഴുത്തിലും തലയിലും കൈകളിലും നായകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കാണ് 51 കാരിക്ക് സംഭവിച്ചിട്ടുള്ളത്. ഒരു കൈ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ടൌണ്‍സ്വിലേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് 51കാരി.

തിങ്കളാഴ്ച രാത്രി 11.10ഓടെയാണ് 51കാരി സഹായം ആവശ്യപ്പെട്ട് അവശ്യസേനയെ വിളിക്കുന്നത്. ഇവരെത്തുമ്പോള്‍ വലത് ചെവി നഷ്ടമായ സ്ഥിതിയില്‍ ആയിരുന്നു ഇവരുണ്ടായിരുന്നത്. അയല്‍ക്കാരന്‍റെ മൂന്ന് നായകളാണ് 51കാരിയെ ആക്രമിച്ചത്. ഇവയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നായകളുടെ ഉടമയോട് പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 19ന് കേരളത്തിലെ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ട് വയസുകാരി ജാന്‍വിയ ആശുപത്രി വിട്ടത് അടുത്തിടെയാണ്. തെരുവുനായകള്‍ കടിച്ച് കീറി ഒരു മാസം പിന്നിട്ടിട്ടും ജാന്‍വിയയ്ക്ക് നടക്കാനായിട്ടില്ല. സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല.

ആക്രമണത്തിന്‍റെ നടുക്കം മാറിയിട്ടുമില്ല. ക്ലാസില്‍ പോയില്ലെങ്കിലും മൂന്നാം ക്ലാസിലെ ഒന്നാം പാഠം ഈ എട്ടുവയസുകാരി പഠിച്ചിട്ടുണ്ട്. കർഷകന്‍റെ കുഞ്ഞിനെ ചെന്നായ്ക്കളിൽ നിന്ന് കാത്ത ബില്ലുവെന്ന നായയുടെ കഥ. എന്നാല്‍ കഥയില്‍ അല്ലാത്ത നായകളോടുള്ള അവളുടെ ഭയം മാറിയിട്ടില്ല. കഥയിലെ നായ നല്ലതാണ് ബില്ലൂനെ പോലെ ആകണം നായകള്‍ എന്നാണ് ജാന്‍വിയ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം