ഹൊര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം യുദ്ധം മൂലം തടസ്സപ്പെട്ടതോടെ പാകിസ്താനില്‍ വിലകുറഞ്ഞ ഇറാന്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമബാദ്: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, ഇറാനില്‍ നിന്നും പാകിസ്താനിലേക്ക് വ്യാപക ഇന്ധനക്കടത്ത്. ബലൂചിസ്താന്‍ കേന്ദ്രീകരിച്ചാണ് ജീവന്‍ പണയം വെച്ചുള്ള ഈ പെട്രോള്‍, ഡീസല്‍ കടത്ത്. ഹൊര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം യുദ്ധം മൂലം തടസ്സപ്പെട്ടതോടെ പാകിസ്താനില്‍ വിലകുറഞ്ഞ ഇറാന്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മസാര്‍ എന്ന് വിളിക്കുന്ന മുപ്പത്തിയെട്ടുകാരന്‍ ഇതിനൊരു ഉദാഹരണമാണ്. തന്റെ ബൈക്കില്‍ 272 കിലോഗ്രാം ഭാരം വരുന്ന അഞ്ചോളം പ്ലാസ്റ്റിക് കാനുകളില്‍ പെട്രോള്‍ നിറച്ചാണ് ഇയാള്‍ യാത്ര ചെയ്യുന്നത്. മൂന്ന്-നാല് മാസം മുമ്പാണ് മസാര്‍ ഈ രംഗത്തേക്ക് തിരിഞ്ഞത്. ബലൂചിസ്താനിലെ മസ്തുങില്‍ നിന്നാണ് മസാര്‍ ഇന്ധനം വാങ്ങുന്നത്. ഇറാന്‍ അതിര്‍ത്തി കടന്ന് പിക്കപ്പ് വാനുകളില്‍ എത്തുന്ന ഇന്ധനം കാനുകളില്‍ നിറച്ച് ബൈക്കില്‍ അയല്‍ പ്രവിശ്യയായ സിന്ധിലേക്ക് എത്തിക്കുകയാണ്. 350 കിലോമീറ്റര്‍ ദൂരമാണ് ഇയാള്‍ ഇതിനായി ബൈക്കില്‍ സഞ്ചരിക്കുന്നത്. 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഈ പ്രദേശത്ത് പ്ലാസ്റ്റിക് കാനുകള്‍ ചൂടില്‍ ഉരുകി ഒലിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ധന കടത്തുന്നതിനിടെ ഇങ്ങനെ നിരവധി പേര്‍ യാത്രക്കിടെ വെന്തുമരിച്ചതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 100 കോടി ഡോളര്‍വിലയുള്ള ഇന്ധനമാണ് ഇറാനില്‍ നിന്ന് പാകിസ്താനിലേക്ക് ഒളിച്ചുകടത്തുന്നതെന്ന് 2024-ല്‍ ജാപ്പനീസ് വാര്‍ത്താ വെബ്‌സൈറ്റായ 'നികേയ് ഏഷ്യ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലൂചിസ്താനിലെ 1.5 കോടി ജനസംഖ്യയില്‍ 24 ലക്ഷത്തോളം പേര്‍ ഈ ബിസിനസ് ചെയ്താണ് ജീവിക്കുന്നത്.

രാജ്യത്തെ ഔദ്യോഗിക പെട്രോളിയം വില്‍പന 27 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായെന്ന് പാകിസ്താനിലെ എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഓയില്‍ കമ്പനീസ് അഡൈ്വസറി കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിലെ അഞ്ച് പ്രമുഖ എണ്ണ ശുദ്ധീകരണ ശാലകളും സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.

ഇന്ധനക്കടത്ത് നിയമവിരുദ്ധമാണെങ്കിലും തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം അധികൃതര്‍ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്ന് ക്വറ്റ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ഫിദ ഹുസൈന്‍ ദഷ്തി വ്യക്തമാക്കുന്നു. ബിരുദാനന്തരബിരുദധാരികള്‍ പോലും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഈ മേഖലയിലേക്ക് വരുന്നുണ്ട്. 900 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പൂര്‍ണ്ണമായി നിരീക്ഷിക്കുക അസാധ്യമാണ്. കൂടാതെ, വിദൂര പ്രദേശങ്ങളില്‍ ഔദ്യോഗിക എണ്ണക്കമ്പനികള്‍ ഇന്ധനം എത്തിക്കാത്തതും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതായി അദ്ദേഹം ബിബിസിയോട് പറഞ്ഞു.

പാകിസ്താന്‍ സുരക്ഷാ സേനയും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് കള്ളക്കടത്തുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും പാക് സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ഇന്ധനക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 130 കോടി പാകിസ്താന്‍ രൂപയുടെ ഇന്ധനം പിടിച്ചെടുത്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.