അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. ആളപായമോ ആണവനിലയത്തിന്റെ പ്രവർത്തനത്തിന് തടസ്സമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ റേഡിയേഷൻ ഭീഷണിയില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. സംഭവത്തെ തുടർന്ന് തീപിടിത്തമുണ്ടായി. ആണവനിലയത്തിന് സമീപം ഉണ്ടായ തീപിടിത്തം ഡ്രോൺ ആക്രമണം മൂലമാണെന്ന് അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ആണവനിലയത്തിന്റെ ഉൾഭാഗത്തെ സുരക്ഷാവേലിക്ക് പുറത്തുള്ള ഒരു ഇലക്ട്രിക് ജനറേറ്ററിലാണ് ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റേഡിയേഷൻ സുരക്ഷാ മാനദണ്ഡങ്ങൾക്ക് യാതൊരുവിധ ഭീഷണിയും ഉയർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആണവനിലയത്തിന്‍റെ സുരക്ഷയെയോ അതിന്‍റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തനത്തെയോ ഈ തീപിടിത്തം ബാധിച്ചിട്ടില്ലെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. നിലയത്തിലെ എല്ലാ സ്റ്റേഷനുകളും പതിവുപോലെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി പുറത്തുവിടുമെന്ന് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ യാതൊരുവിധ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.