Asianet News MalayalamAsianet News Malayalam

പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു, ലെബനൻ വിടാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

ബെയ്‌റൂട്ടിലെ യുഎസ് എംബസിയാണ് അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന വിമാന ടിക്കറ്റുകളിൽ ലെബനൻ വിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്

during amid tensions in middle east US embassy in Beirut has urged its citizens to leave Lebanon on any ticket available
Author
First Published Aug 4, 2024, 11:47 AM IST | Last Updated Aug 4, 2024, 11:47 AM IST

ലെബനൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. എത്രയും വേഗം ലെബനൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്. ഇസ്മായിൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിശദമാക്കിയിരുന്നു. മേഖലയിൽ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ബെയ്‌റൂട്ടിലെ യുഎസ് എംബസിയാണ് അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന വിമാന ടിക്കറ്റുകളിൽ ലെബനൻ വിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സമാനമായ നിർദ്ദേശം പൗരന്മാർക്ക് നൽകിയിട്ടുണ്ട്. 

സാഹചര്യം പെട്ടന്ന് മോശമാകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്. ജോർദ്ദാനും  കാനഡയും ലെബനൻ, ഇസ്രയേൽ സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. നിരവധി വിമാന സർവ്വീസുകൾ ഇതിനോടകം മേഖലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.  ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ലെബനോൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഇറാന്റെ പിന്തുണയോടെ ശക്തമായ തിരിച്ചടി ഇസ്രയേലിന് നൽകുമെന്നാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇസ്രയേലിന്റെ മറുപടി ആക്രമണവും ശക്തമാവുമെന്നാണ് ഉയരുന്ന ആശങ്ക. 

നേരത്തെ ഇസ്രയേലിനെ പിന്തുണയ്ക്കാൻ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും യുദ്ധകപ്പലുകളും കൂടുതലായി അയയ്ക്കുമെന്ന് പെൻറഗൺ വിശദമാക്കിയിരുന്നു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നിരവധി റോക്കറ്റുകൾ ഞായറാഴ്ച പുലർച്ചെ അയച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഈ ആക്രമണം ചെറുക്കുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios