8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും സുനാമിത്തിരകൾ ആഞ്ഞുവീശിയതോടെ സോഷ്യൽ മീഡിയയിൽ തത്സുകി വീണ്ടും ചർച്ചയാവുകയാണ്.

ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റ് റിയോ തത്സുകിയുടെ ജൂലൈ അഞ്ചിലെ പ്രവചനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും സുനാമിത്തിരകൾ ആഞ്ഞുവീശിയതോടെ, തത്സുകിയുടെ പ്രവചനം സത്യമായെന്ന് അവകാശപ്പെടുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കാണാം. ജൂലൈ മാസം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് റഷ്യയെയും ജപ്പാനെയും ഞെട്ടിച്ച് ഭൂചലനവും സുനാമിയുമുണ്ടായത്.

ആരാണ് റിയോ തത്സുകി?

ജപ്പാനിലെ ബാബാ വാംഗ എന്നാണ് തത്സുകി അറിയപ്പെടുന്നത്. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ താൻ സ്വപ്നത്തിൽ കാണാറുണ്ടെന്നാണ് തത്സുകി അവകാശപ്പെടുന്നത്. 'ഫ്യൂച്ചര്‍ ഐ സോ' എന്ന ഗ്രാഫിക് പുസ്തകങ്ങളിലൂടെയാണ് തത്സുകി സ്വപ്നത്തിൽ കണ്ട പ്രവചനങ്ങള്‍ നടത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ ജൂലൈ അഞ്ചിന് പുലര്‍ച്ചെ കടല്‍ തിളച്ചുമറിയും എന്നായിരുന്നു തത്സുകി ഒടുവിൽ നടത്തിയ പ്രവചനം. ഭൂകമ്പത്തിന്‍റെയും സുനാമിയുടെയും സൂചനയാണിതെന്ന് ആളുകൾ വ്യാഖ്യാനിച്ചു. കൊവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. 1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജ്, 2011 മാർച്ചിലുണ്ടായ ഭൂകമ്പത്തിന്‍റെയും തുടർന്നുള്ള സുനാമിയുടെയും സൂചനയാണെന്നും വ്യാഖ്യാനങ്ങൾ വന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിച്ചു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തം ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം.

ജൂലൈ അഞ്ചിലെ പ്രവചനം പാളി

ജൂലൈ അഞ്ചിന് മഹാദുരന്തമുണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. ഇതോടെ ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ അഞ്ചിനോടടുപ്പിച്ച് ചെറുഭൂചനലങ്ങൾ ഉണ്ടായതോടെ ആളുകളുടെ ഭയം ഇരട്ടിച്ചു. ഇതോടെ ജപ്പാനിലെ ടൂറിസം മേഖല പ്രതിസന്ധിയിൽ ആവുകയായിരുന്നു. എന്നാൽ നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. 

വൻ ഭൂചലനം, പിന്നാലെ സുനാമി

ബുധനാഴ്ച റഷ്യയിലെ കംചാറ്റ്ക ഉപദ്വീപിന് സമീപം 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണുണ്ടായത്. പിന്നാലെ റഷ്യ, ജപ്പാൻ, അലാസ്ക, ഹവായ്, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഒരു അടി ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാനിലെ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഭൂകമ്പം ജപ്പാനെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ രാജ്യം ജാഗ്രതയിലാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരിൽസ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകൾ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പസഫിക് തീരത്തും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്- "പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പം കാരണം ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലാസ്കയ്ക്കും യുഎസിന്‍റെ പസഫിക് തീരത്തിനും സുനാമി മുന്നറിയിപ്പ് നിലവിലുണ്ട്. ജപ്പാനും ഈ ഭീഷണി നേരിടുന്നുണ്ട്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക" - ട്രംപ് കുറിച്ചു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…