Asianet News MalayalamAsianet News Malayalam

ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്ക

ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് ശ്രീലങ്ക. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിയാവശ്യപ്പെട്ട് പ്രസിഡന്റ് സിരിസേന. മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് വിലയിരുത്തൽ.

Easter bomb blasts Sri Lanka admitted security failure
Author
Sri Lanka, First Published Apr 25, 2019, 8:41 AM IST

കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്ക. സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടും പ്രതികരിക്കാത്തതിനാണ് നടപടി. കൊളംബോയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എൻഐഎ അടക്കമുള്ള ഏജൻസികൾ ശ്രീലങ്കയ്ക്ക് വിവരം നൽകിയിരുന്നു. 

തീവ്രവാദ സംഘടനാ നേതാവിന്‍റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എൻഐഎ കൈമാറിയത്. പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള തർക്കമാണ് സുരക്ഷാ കാര്യത്തിൽ വീഴ്ച്ച വരുത്തിയതെന്നും വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ അറുപതിലേറെപ്പേർ അറസ്റ്റിലായെന്ന് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളിൽ രാജ്യത്ത് 359 പേരാണ് കൊല്ലപ്പെട്ടത്. 

Easter bomb blasts Sri Lanka admitted security failure

ലോകത്തെ നടുക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവെച്ചെന്ന് ആരോപിച്ച് ശ്രീലങ്കയിലെ മന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു. പാർലമെന്റിലെ നേതാവ് കൂടിയായ മന്ത്രിയാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് മേൽ ഗുരുതരമായ കുറ്റം ആരോപിച്ചിരിക്കുന്നത്.

"ഈ രഹസ്യാന്വേഷണ വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവച്ചു. ആക്രമണം നടക്കുമെന്ന വിവരം ഉണ്ടായിരുന്നു. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ യാതൊരു നടപടിയും കൈക്കൊണ്ടില്ല," മന്ത്രി ലക്ഷ്‌മൺ കിരിയേല പറഞ്ഞു. പാർലമെന്റ് അംഗങ്ങളും മന്ത്രിമാരും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നു.

ഏപ്രിൽ നാലിനാണ് ഇന്ത്യ ഭീകരാക്രമണം നടക്കുമെന്ന വിവരം ശ്രീലങ്കയെ അറിയിച്ചത്. ഏപ്രിൽ ഏഴിന് പ്രസിഡന്റ് മൈത്രിപാല സിരിസേന അദ്ധ്യക്ഷനായി സെക്യുരിറ്റി കൗൺസിൽ യോഗം ചേർന്നു. എന്നാൽ ഭീകരാക്രമണം നടന്നേക്കുമെന്ന വിവരം എല്ലാവരെയും അറിയിക്കാതെ മറച്ചുവച്ചു.

"ആരോ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു. സെക്യുരിറ്റി കൗൺസിൽ രാഷ്ട്രീയം കളിക്കുകയാണ്. ഇത് അന്വേഷിക്കണം," എന്നും മന്ത്രി പറഞ്ഞു. അതേസമയം കുറഞ്ഞത് ഏഴെട്ട് വർഷമായി ഈ ആക്രമണത്തിന് വേണ്ടി ആസൂത്രണം നടക്കുന്നുണ്ടായിരിക്കാമെന്ന് മുൻ സൈനിക മേധാവിയും പ്രാദേശിക വികസനകാര്യ മന്ത്രിയുമായ ശരത് ഫൊൻസെക പാർലമെന്റിൽ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios