10 ദിവസം മുമ്പ് രഹസ്യാന്വേഷണ മന്ത്രി ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

കെയ്റോ: ഹമാസിന്‍റെ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ത് രഹസ്യാന്വേഷ വിഭാഗത്തന്‍റെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് ഈജിപ്ത് പറയുന്നത്. 10 ദിവസം മുമ്പ് രഹസ്യാന്വേഷണ മന്ത്രി ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേലിൽ ഹമാസിന്‍റെ അസാധാരണ നടപടി ഉണ്ടാകുമെന്നാണ് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മന്ത്രി നെതന്യാഹുവിനോട് പറഞ്ഞെന്നും, നെതന്യാഹു സംഭാഷണത്തിൽ താല്പര്യം കാണിച്ചില്ലെന്നും ഈജിപ്ഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ ഇക്കാര്യം ഇസ്രായേൽ നിഷേധിച്ചു. ഹമാസിന്‍റെ ആക്രമണത്തെക്കുറിച്ച് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഓഫീസാണ് നിഷേധിച്ചത്. ഈജിപ്ത് രഹസ്യന്വേഷണ മേധാവിയുമായി സംസാരിച്ചിട്ടില്ലെന്നും സർക്കാർ രൂപീകരണത്തിന് ശേഷം ഒരിക്കലും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇസ്രായേൽ-ഹമാസ് യുദ്ധം: പരിഹാരത്തിന് മധ്യസ്ഥത വഹിച്ച് ഖത്തർ; സ്ഥിരീകരിച്ച് രം​ഗത്ത്

അതിനിടെ ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ് ഖത്തർ വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് ഖത്തർ സ്ഥിരീകരിച്ചത്.

നേരത്തെ സൗദി അറേബ്യയയും യു എ ഇയും ഒമാനുമടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിൽ ദു:ഖം പ്രകടിപ്പിച്ചും യുദ്ധത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉടലെടുത്തതെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യു എ ഇയുടെയും ഒമാന്റെയും ആഹ്വാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം