കിന്ദാനി എന്ന നാലുവയസുകാരിയുടെ കുട്ടിക്കുറുമ്പിന് മുന്നില്‍ പതറാതെ നിന്ന റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കെനിയ നേരിടുന്ന കനത്ത വരള്‍ച്ചയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ കുസൃതികാട്ടി കുട്ടിയാന. നെയ്റോബിയിലെ ആന സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് ആല്‍വിന്‍ കൌണ്ട എന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍ അപ്രതീക്ഷിത അതിഥിയെ നേരിടേണ്ടി വന്നത്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജലം ഉറപ്പാക്കേണ്ടതിനേക്കുറിച്ച് വിശദമാക്കുന്നതിനിടെയാണ് ആല്‍വിന്‍റെ ഇടത് ചെവിയുടെ സൈഡിലൂടെ ഒരു തുമ്പിക്കൈ എത്തിയത്. പതിയെ തുമ്പിക്കൈ തലയിലെത്തി, മുഖത്ത് ചുറ്റിപ്പിടിക്കാനുള്ള ശ്രമത്തിലായി. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചെവിയും തുമ്പിക്കൈ ഉപയോഗിച്ച് കുട്ടിയാന നിരീക്ഷിച്ചു.

എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടായിട്ടും റിപ്പോര്‍ട്ടിംഗ് തുടരുകയാണ് ആല്‍വിന്‍ ചെയ്തത്. കിന്ദാനി എന്ന നാലുവയസുകാരിയുടെ കുട്ടിക്കുറുമ്പിന് മുന്നില്‍ പതറാതെ നിന്ന റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഷെല്‍ഡ്രിക് എന്ന വന്യജീവി അഭയകേന്ദ്രത്തിലെ അനേതാവാസിയാണ് കിന്ദാനി. 2018 ഏപ്രിലിലാണ് കിന്ദാനിയെ രക്ഷിക്കുന്നത്. എല്ലാം ജോലിയുടെ ഭാഗം മാത്രമെന്നാണ് ആല്‍വിന്‍ പ്രതികരിക്കുന്നത്. പത്ത് തവണയോളം എടുത്തിട്ടും ആനക്കുട്ടിയുടെ കുസൃതി തുടരുകയായിരുന്നു. ആനക്കൂട്ടത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ അവ തന്‍റെ അടുത്തേക്ക് എത്തുകയായിരുന്നു അതിനാലാണ് റിപ്പോര്‍ട്ടിംഗ് തുടരാന്‍ തീരുമാനിച്ചതെന്നും കെവിന്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു.

Scroll to load tweet…

കെനിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍റെ റിപ്പോര്‍ട്ടറാണ് കെവിന്‍. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് കെനിയ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. വേട്ടക്കാര്‍ കൊല്ലുന്നതിലും ഇരുപതിരട്ടി ആനകളാണ് കടുത്ത ചൂടില്‍ ചത്ത് വീഴുന്നതെന്നാണ് വന്യജീവി അഭയ കേന്ദ്രത്തിന്‍റെ അധികൃതര്‍ പറയുന്നത്. ആയിരത്തിലധികം വന്യമൃഗങ്ങള്‍ ഇതിനോടകം ചത്തതായാണ് റിപ്പോര്‍ട്ട്. ഗ്നു, സീബ്ര, ആന, കാട്ടുപോത്ത് എന്നിവയടക്കമുള്ള ജീവികളാണ് കടുത്ത ചൂടില്‍ ചാവുന്നതില്‍ ഏറിയ പങ്കും.