ട്രംപിനെതിരെ നടത്തിയ വിമർശനങ്ങളിൽ മാപ്പ് പറഞ്ഞ് മസ്ക് രംഗത്തെത്തി. മസ്കിന്‍റെ പെരുമാറ്റത്തിൽ നിരാശനാണെങ്കിലും സൗഹൃദം പുനരാരംഭിക്കാനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു.

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് കാലം മുതലെ ഉറ്റ സുഹൃത്തുക്കളായിരുന്ന ഡോണൾഡ് ട്രംപും എലോൺ മസ്കും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് മസ്ക് രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് സാധ്യതകളും തെളിഞ്ഞത്. ട്രംപിനെതിരായ സമൂഹമാധ്യമ പോസ്റ്റുകളിൽ മാപ്പ് പറഞ്ഞ് ഇന്ന് രാവിലെയാണ് ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ താൻ ട്രംപിനെതിരെ ഇട്ട പോസ്റ്റുകളിൽ മാപ്പ് പറയുന്നുവെന്ന് മസ്ക് തന്റെ സമൂഹമാധ്യമമായ എക്സിലാണ് കുറിച്ചത്. ചില പോസ്റ്റുകൾ അതിര് കടന്ന് പോയെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും മസ്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റും രംഗത്തെത്തി. മസ്കിന്‍റെ പെരുമാറ്റത്തിൽ നിരാശനാണെങ്കിലും സൗഹൃദം പുനരാരംഭിക്കാനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. മസ്ക്കിനെ കുറ്റപ്പെടുത്താനില്ലെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും ഇന്ന് പുറത്തുവന്ന പോഡ്ക്കാസ്റ്റിലൂടെ ട്രംപ് വിവരിച്ചു. പോഡ് ഫോഴ്‌സ് വണ്ണിനായി നൽകിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. 'നോക്കൂ, എനിക്ക് ഒരു വിഷമവുമില്ല. മസ്കിൽ നിന്ന് ഇങ്ങനെ സംഭവിച്ചതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. അസാധാരണമായ ഒരു ബില്ലിന് പിന്നാലെയാണ് അദ്ദേഹം പോയത്. ശേഷം നടത്തിയ വിമർശനങ്ങളിൽ അദ്ദേഹത്തിന് വളരെ വിഷമമുണ്ടെന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്' - എന്നാണ് പോഡ്കാസ്റ്റിൽ ട്രംപ് പറഞ്ഞത്. മസ്‌കുമായി അനുരഞ്ജനം നടത്താനും അദ്ദേഹത്തോട് ക്ഷമിക്കാനും കഴിയുമോ എന്ന് ചോദ്യത്തോട്, 'എനിക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നതെന്ന്' എന്നായിരുന്നു ട്രംപിന്‍റെ മറുപടി.

ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡോജ്) നിന്ന് പടിയിറങ്ങിയതിന് ശേഷമായിരുന്നു മസ്കും ട്രംപും തമ്മിൽ തെറ്റിയത്. ഉറ്റബന്ധത്തിലായിരുന്ന ഇരുവരും തമ്മിൽ കൂടുതൽ അകന്നത് ട്രംപിന്‍റെ ബിഗ് ബ്യുട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലാണ്. ട്രംപിന്‍റെ ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്ന് പോലും മസ്ക് വിളിച്ചതോടെ കാര്യങ്ങൾ എല്ലാ സീമകളും കടക്കുന്ന നിലയിലേക്ക് നീങ്ങി. ട്രംപ് – മസ്‌ക് അകൽച്ചയും വാക് പോരും പിന്നെ ലോകം ശ്രദ്ധിക്കുന്ന നിലയിലേക്കാണ് പിന്നീട് ഓരോ ദിവസവും മുന്നേറിയത്. ട്രംപിനെതിരെ മസ്‌കും മസ്‌കിനെതിരെ ട്രംപും വാക്കുകള്‍കൊണ്ട് യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള തലത്തിൽ തന്നെ അത് വലിയ ചർച്ചയായി മാറി. മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്സിഡികള്‍, കരാറുകള്‍ എന്നിവ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതും തന്റെ പിന്തുണയില്ലാതെ ട്രംപ് പ്രസിഡന്റ് സ്ഥാനം നേടുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മസ്‌ക് രംഗത്തെത്തിയതും ചൂടേറിയ ചർച്ചയായി. പിന്നീട് എല്ലാ സീമകളും കടക്കുന്ന ആരോപണങ്ങളാണ് മസ്ക് നട്തതിയത്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരകളില്‍ ട്രംപിനും പങ്കുണ്ടെന്നും പ്രസിഡന്‍റിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന ആവശ്യവുമടക്കം മസ്ക് ഉന്നയിച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന മസ്‌കിന്റെ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ആഘോഷമായി. മസ്കിനോട് സംസ്കാരിക്കാൻ പോലും താത്പര്യമില്ലെന്ന ട്രംപിന്‍റെ മറുപടിയും മസ്കിനെ സ്വാഗതം ചെയ്തുള്ള റഷ്യൻ നിലപാടും ലോകമാകെ ശ്രദ്ധ നേടി. അങ്ങനെ പോര് കനക്കുന്നതിനിടയിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും ശരിയാകുമെന്ന സൂചനകൾ ഇപ്പോൾ പുറത്തുവരുന്നത്.