ഹോർമുസ് കടലിടുക്ക് വഴി പത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നെന്നും പിടിച്ചെടുത്ത കപ്പലുകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി ചർച്ചയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ദില്ലി: ഇറാന്‍റെ കടുത്ത നിലപാടും അമേരിക്കൻ ഉപരോധവും നിലനിൽക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് വഴി ഇതുവരെ പത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നെന്ന് വിദേശകാര്യ മന്ത്രാലയം. ഹോർമൂസ് മേഖലയിൽ കപ്പലുകൾക്ക് പൂർണ്ണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ സൈന്യം പിടിച്ചെടുത്ത രണ്ട് കപ്പലുകളിൽ ഇന്ത്യൻ നാവികർ ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ നാവികരുടെ സുരക്ഷയെ ബാധിക്കരുതെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. 2026 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്രാൻസിന്‍റെ സമ്മാനം

ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനമെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിദേശകാര്യ വക്താവ് തയ്യാറായില്ല. വിഷയത്തിൽ ചില റിപ്പോർട്ടുകൾ കണ്ടുവെന്നും നിലവിൽ ഒന്നും പറയാനില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

നേപ്പാളിലെ അധിക നികുതി പരിശോധിക്കും

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുപോകുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ നേപ്പാൾ സർക്കാരിന്റെ നടപടി ഇന്ത്യ പരിശോധിച്ചുവരികയാണ്. വീട്ടുസാമഗ്രികൾക്ക് തീരുവ ഏർപ്പെടുത്തിയിട്ടില്ലെന്നും അതിർത്തി വഴിയുള്ള കള്ളക്കടത്ത് തടയാനാണ് പുതിയ പരിഷ്കാരമെന്നുമാണ് നേപ്പാളിന്റെ വാദം. എന്നാൽ ഇന്ത്യൻ വിപണിയെയും വ്യാപാരികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്.

YouTube video player