പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയൻ നയതന്ത്രവിഭാഗം മേധാവി കായ കലാസ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയുമായി ചർച്ച നടത്തി. മേഖലയിലെ സുരക്ഷാ-സാമ്പത്തിക പ്രതിസന്ധികളിൽ ആശങ്ക പ്രകടിപ്പിച്ച യൂറോപ്യൻ യൂണിയൻ സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്തു. എന്നാൽ, സംഘർഷങ്ങൾക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ പ്രതികരിച്ചു
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെപശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ നയതന്ത്രവിഭാഗം മേധാവി കായ കലാസ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ സുരക്ഷാ - സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് കായ കലാസ് ചർച്ചയിൽ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾ വേണമെന്ന യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക നിലപാട് ആവർത്തിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മേഖലയിലെ സംഘർഷങ്ങളുടെ ഫലമാണെന്നും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അബ്ബാസ് ആരാഗ്ചി ചർച്ചയിൽ ആവശ്യപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് യുദ്ധം തുടങ്ങിവച്ചതെന്നും ഇറാൻ സമാധാനത്തിന്‍റെ പാതയിലായിരുന്നെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു. ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൗസവി പറഞ്ഞു. ശത്രുക്കളുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകൾ കടത്തിവിടില്ല. കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറാനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അലി മൗസവി പറഞ്ഞു. മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും മൗസവി പറഞ്ഞു. നയതന്ത്രത്തിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
