അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ, നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ പ്രസിഡന്റ് ജനങ്ങളോട് ആഹ്വാനം ചെയ്തു. എല്ലാ തീരുമാനങ്ങളും പരമോന്നത നേതാവും സുപ്രീം കൗൺസിലും അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി
ടെഹ്റാൻ: അമേരിക്ക - ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് കയ്യടിച്ച് ലോകം. ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തി. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. ധാരണയിലെ പുറത്തു വന്ന വിശദാംശങ്ങൾ ഓരോന്നായി നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും ധാരണയ്‌ക്കുള്ള സാധ്യതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ആശ്വാസമാണ്. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതും ശ്രദ്ധേയമായി.

വിശദ വിവരങ്ങൾ
നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന ഇറാൻ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും ഉള്ള ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നാണ് സൂചന. എടുക്കുന്ന എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണയുടെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടി നിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പൽ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കും. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം. ഇവയാണ് ഇറാന്‍റെ അവകാശ വാദങ്ങൾ. അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമായി. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക - ഇറാൻ - പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ടെലിഫോണിൽ ആണെങ്കിലും മിനി ഉച്ചകോടി തന്നെ നടന്നെന്ന് ചുരുക്കം. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന.
