1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും നിർണായകമായ രാഷ്ട്രീയ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ് ഇറാൻ. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇനിയെന്ത് സംഭവിക്കും?
ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനെയി അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, 1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം രാജ്യത്ത് ഏറ്റവും നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളിലൊന്നിലേക്ക് കടന്നിരിക്കുകയാണ് ഇറാൻ. താത്ക്കാലിക പിൻഗാമിയായി ആയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചുവെങ്കിലും വമ്പൻ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. പ്രദേശിക സംഘർഷങ്ങളും ആഭ്യന്തര അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ നടപടികൾ ആരംഭിച്ചു.
ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള വസതിയിലുണ്ടായ ആക്രമണത്തിലാണ് ഖമനെയി ശനിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, മരുമകൾ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ടെഹ്‌റാൻ ഉൾപ്പെടെ ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ഏകോപിത വ്യോമാക്രമണങ്ങളിൽ 200ത്തിലധികം പേർ കൊല്ലപ്പെട്ടതായും കണക്കുകൾ പുറത്ത് വരുന്നു.
ഖമനെയിയുടെ മരണത്തോടെ, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ സംവിധാനത്തിലേക്കാണ് രാജ്യത്തിന്റെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ഇടക്കാലത്ത് പ്രസിഡന്റ്, നീതിന്യായവകുപ്പ് മേധാവി, ഗാർഡിയൻ കൗൺസിലിലെ ഒരു മതപണ്ഡിതൻ എന്നിവർ ചേർന്ന് പരമോന്നത നേതാവിന്റെ ചുമതലകൾ താൽക്കാലികമായി നിർവഹിക്കും. അതേ സമയം, പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം 88 അംഗങ്ങളുള്ള ‘അസംബ്ലി ഓഫ് എക്സ്പേർട്സ്’ എന്ന സമിതിക്കാണ്. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന മുതിർന്ന ഇസ്ലാമിക പണ്ഡിതന്മാരും മതനേതാക്കളുമടങ്ങുന്ന ഈ സമിതി എട്ട് വർഷത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നത്.
1979 ലെ വിപ്ലവത്തിനു ശേഷം ഇറാനിൽ ഉണ്ടായിരുന്ന രണ്ട് സുപ്രീം ലീഡർമാർ ആയത്തുല്ല റൂഹൊല്ല ഖൊമേനി, പിന്നീട് 1989-ൽ അദ്ദേഹത്തെ പിന്തുടർന്ന അലി ഖമനെയി എന്നിവരാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 107 അനുസരിച്ച്, ജനങ്ങൾ തിരഞ്ഞെടുക്കുന്ന വിദഗ്ധരുടെ സമിതിക്കാണ് രാജ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം.
ഇനി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ നോക്കാം. പുതിയ പരമോന്നത നേതാവാകാൻ സാധ്യതയുള്ളവർ ആദ്യം ഗാർഡിയൻ കൗൺസിലിന്റെ പരിശോധനയും അംഗീകാരവും നേടണം. മതപരമായ യോഗ്യത, നീതിബോധം, സാമൂഹിക-രാഷ്ട്രീയ അറിവ്, നേതൃത്വപാടവം തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്. ഔദ്യോഗിക വോട്ടെടുപ്പിന് മുമ്പ്, സമിതി അംഗങ്ങൾ സ്വകാര്യ ചർച്ചകൾ നടത്തി സ്ഥാനാർത്ഥികളുടെ മതപണ്ഡിത്യം, രാഷ്ട്രീയ പരിചയം, ഭരണപരമായ കഴിവുകൾ എന്നിവ വിലയിരുത്തും. ഭൂരിപക്ഷ വോട്ടോടെ ഒരാൾ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടും.
1989 ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങൾ. ഖമനെയിയുടെ രാഷ്ട്രീയ അധികാരത്തിനും മതപാരമ്പര്യത്തിനും തുല്യനായ ഒരാളെ തെരഞ്ഞെടുക്കാൻ പാടുപെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മാധ്യമങ്ങളിൽ ഖമനേയിയുടെ മകൻ മുജ്തബ ഖമനെയിയുടെ പേരും പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹം പ്രധാന പരിഗണനയിലില്ലെന്നാണ് സൂചന. രാജ്യത്തിന്റെ ഭാവി നേതൃപദവി ആരുടെ കൈകളിൽ എത്തും എന്നത് അടുത്ത ദിവസങ്ങളിലെ അസംബ്ലിയുടെ തീരുമാനങ്ങളിലൂടെയാണ് വ്യക്തമാകുക.


