ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി ഔദ്യോഗിക വസതിയിൽ വെച്ച് കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സിഐഎയും ഇസ്രയേലും ചേർന്നുള്ള സംയുക്ത സൈനിക ആക്രമണമാണ് പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് തന്നെയെന്ന് ന്യൂയോർക്ക് ടൈംസ്. സംയുക്ത സൈനിക ആക്രമണത്തിന്റെ നിർണായക വിവരങ്ങളാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്. സിഐഎ ആണ് ഖമനേയി ഔദ്യോഗിക വസതിയിൽ ഉണ്ടെന്ന് ഉറപ്പാക്കിയതെന്ന് റിപ്പോര്‍ട്ട്. മാസങ്ങളായി ഖമനെയി എവിടെ എന്ന് സിഐഎ ട്രാക്ക് ചെയ്തുകൊണ്ടിരുന്നു. പതിവായി ഖമനെയി സന്ദർശിച്ചിരുന്ന ഓഫീസുകളും മറ്റ് സ്ഥലങ്ങളും സിഐഎ പിന്തുടർന്ന് കണ്ടെത്തി. ഖമനെയി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഒരു പാറ്റേൺ മാപ്പ് ഉണ്ടാക്കി. ശനിയാഴ്ച ഇറാൻ സൈനിക കമാൻഡർമാരുടെ യോഗം നടക്കുന്നെന്ന വിവരം സിഐഎയ്ക്ക് കിട്ടി. ആ യോഗത്തിന് ഖമനെയി അധ്യക്ഷത വഹിക്കുമെന്നും സിഐഎ മനസ്സിലാക്കി. ഈ നിർണായക വിവരം സിഐഎ ഇസ്രയേലിന് കൈമാറി. ഒരു ആക്രമണത്തിലൂടെ ഖമനെയിയെയും ഇറാൻ പ്രതിരോധ സംവിധാനത്തിന്റെ തലപ്പത്തുള്ളവരെയും ഒറ്റയടിക്ക് വധിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റിടങ്ങളിൽ ആക്രമണം നടത്തിയത് അമേരിക്കയുടെ വൺവേ അറ്റാക്ക് ഡ്രോണുകൾ ഉപയോഗിച്ചാണ്.
ഇറാനിൽ വൻ പ്രതിഷേധ മാർച്ചുകള്‍
അതേസമയം, അലി ഖമനയിയെ വധിച്ചതിൽ ഇറാനിൽ വൻ പ്രതിഷേധ മാർച്ചുകളാണ് നടക്കുന്നത്. ആയത്തൊള്ള അലി ഖമനയിയെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഇറാൻ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനേയിക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.
ഇറാനിൽ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാഗം പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതിൽ ഇവർ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കയിൽ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി. ചില വിഘടനവാദി സംഘടനങ്ങൾ നാളെ ജമ്മു കാശ്മീരിൽ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതിനെ പിന്തുണച്ചു. അതേസമയം, സമാധാനം കാത്ത് സൂക്ഷിക്കണമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് മാറരുതെന്നും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് അകത്ത് കയറി പ്രതിഷേധക്കാർ തീയിട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.



